കത്തിയുമായി മാർക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി; വെടിവെച്ച് വീഴ്ത്തി പോലീസ് | VIDEO

Jaihind Webdesk
Monday, February 6, 2023

 

ബംഗളുരു: കര്‍ണാടകയിലെ കലബുറഗിയില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ വെടിവെച്ച് വീഴ്ത്തി പോലീസ്.  തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ കത്തിയുമായെത്തിയ യുവാവ് പരിഭ്രാന്തി പരത്തിയതോടെയായിരുന്നു പോലീസ് നടപടി. മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തിയ ഇയാളെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കലബുറഗിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കത്തി വീശി നിലയുറപ്പിച്ച അക്രമിയെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമിക്കൊനൊരുങ്ങിയതോടെയാണ് പോലീസ് വെടിയുതിർത്തത്. നിറയൊഴിച്ച് കത്തി തെറിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുട്ടിന് താഴെ വെടിവെച്ച് അക്രമിയെ വീഴ്ത്തുകയായിരുന്നു. നിലത്തുവീണ അക്രമിയെ പോലീസുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. വെടിയുതിർത്ത ഉദ്യോഗസ്ഥന്‍ പോലീസുകാരെ പിന്തിരിപ്പിക്കുന്നതും വാഹനം കൊണ്ടുവരാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും സ്വയരക്ഷയെ കരുതിയുമാണ് വെടിയുതിർത്തതെന്ന് കലബുറഗി സിറ്റി പോലീസ് കമ്മീഷണര്‍ ചേതന്‍ പ്രതികരിച്ചു. വെടിയേറ്റ് വീണ ജാഫര്‍ എന്ന അക്രമിയെ ആശുപത്രിയിലേക്ക് മാറ്റിയതായും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.