കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കുമെന്ന് എം.കെ. രാഘവൻ എംപി. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നത്. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക.
മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാളെ തിരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എം.കെ. രാഘവൻ എംപി പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനാലാണ് വീണ്ടും തിരച്ചില്‍ പുനരാരംഭിക്കുന്നത്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുമെന്നാണ് വിവരം.
ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീഭർത്താവ് ജിതിൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ എം.കെ. രാഘവൻ എംപി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന വിവരം ലഭിച്ചത്.
അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുന്‍റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തിരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി.