ബംഗളുരു: കർണാടകയിലെ അങ്കോളയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 5-ാം ദിവസവും തുടരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ തുടർന്ന് അർജുനെ കണ്ടെത്താനായി ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം കൂടുതല്‍ ത്വരിതപ്പെടുത്തും. റഡാർ ഉപയോഗിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ.
അതേസമയം പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിനടിയില്‍ അർജുന്‍റെ ലോറിയുടെ ജിപിഎസ് ലോക്കേഷൻ ഏറ്റവും ഒടുവിലായി കാണിച്ച സ്ഥലത്ത് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ തിരച്ചിൽ തുടരും. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് കർണാടകയിൽ എത്തും. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തിരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു.
ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തിച്ച റഡാറിന്‍റെ സഹായത്തോടെയായിരിക്കും ഇന്നത്തെ തിരച്ചില്‍. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുക. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്യും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമനാ സേനാംഗങ്ങൾ എന്നിവർ തിരച്ചിലിന്‍റെ ഭാഗമാണ്. ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്.