നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്; കർണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്

Jaihind Webdesk
Saturday, February 17, 2024

ബെംഗളൂരു:  മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കനത്ത തിരിച്ചടിയായി മാറിയ കർണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്.  കഴിഞ്ഞദിവസം വീണയുടെ ഹർജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. 46 പേജുള്ള വിശദമായ വിധിപ്പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. വീണ വിജയന് എതിരെയുള്ള അന്വേഷണം തീർത്തും നിയമപരമാണെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്.

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്‍റെ കമ്പനി എക്‌സാലോജിക് നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധിയുടെ പൂർണ്ണ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്.  അതിൽ നിയമപരമായി യാതൊരു തടസ്സവും നിലവിൽ ഉന്നയിക്കാൻ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാൻ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി വീണ ഉന്നയിച്ച ഒരു വാദങ്ങളും നിലനിൽക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവിൽ വീണയ്‌ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാൽ ഹർജി തള്ളുന്നു എന്നതൊക്കെയാണ് വിധിയിലുള്ളത്.