കേരളത്തിലേക്ക് കടന്ന് ബഫർ സോണ്‍ അടയാളപ്പെടുത്തി കർണാടക; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

 

കണ്ണൂർ : കേരളത്തിലെ ജനവാസമേഖലയിലേക്ക് കടന്ന് ബഫർ സോണ്‍ മേഖല അടയാളപ്പെടുത്തി കർണാടക. അതിർത്തിക്കിപ്പുറം കർണാടക ഉദ്യോഗസ്ഥര്‍ കടന്നുകയറി അടയാളപ്പെടുത്തിയിട്ടും സംസ്ഥാന സർക്കാർ ഇക്കാര്യം അറിഞ്ഞില്ല. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലയിലാണ് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയത്. കർണാടകയുടെ നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവ്, കച്ചേരിക്കട കളിതട്ടുംപാറ, മുടിക്കയം എന്നീ പ്രദേശങ്ങൾ ബഫർ സോണിന്‍റെ പരിധിയിൽ വരുന്നതായാണ് കർണാടകയുടെ വാദം. പ്രദേശം ബ്രഹ്മഗിരി വന്യജീവി സാങ്കേതത്തിന്‍റെ ബഫർ സോൺ പരിധിയിൽപ്പെട്ടത്താണെന്നാണ് കർണാടക വനംവകുപ്പിന്‍റെ വിശദീകരണം. ഈ പ്രദേശങ്ങളിലാണ് ബഫർ സോണിൽ അടയാളപ്പെടുത്തിയത്. മുന്നൂറോളം കുടുംബങ്ങളും ബാരാപോൾ ജലവൈദ്യുത പദ്ധതിയും കർണാടക അടയാളപ്പെടുത്തിയ ബഫർസോൺ മേഖലയിൽ ഉൾപ്പെട്ടിടുണ്ട്. പഞ്ചായത്തിലെ ആറിടത്ത് ചുവന്ന പെയിന്‍റ് അടിച്ച് നമ്പർ രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് കർണാടക വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥർ അവരുടെ വാഹനത്തിൽ എത്തി അടയാളപ്പെടുത്തലുകൾ നടത്തിയത്. കേരള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിഞ്ഞില്ല. വന്യജീവി സങ്കേതത്തിന്‍റെ ചുറ്റില്‍ ഒരു കിലോമീറ്റർ ദൂരത്തിൽ കുറയാത്ത ബഫർ സോൺ രൂപീരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കർണാടക, ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന് ചുറ്റുമുളള സ്ഥലങ്ങൾ അടയാളപ്പെടുത്തിയത്. കർണാടക വനം വകുപ്പിന്‍റെ നടപടിക്ക് എതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ചുവന്ന മാർക്ക് ചെയ്ത ഇടങ്ങളിൽ കരിഓയിൽ ഒഴിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.

Comments (0)
Add Comment