സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ; നടപടിക്കെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Sunday, August 14, 2022

ബംഗളുരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കി. കർണാടക സർക്കാരിന്‍റെ നടപടിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പ്രമുഖ പത്രങ്ങളിലെല്ലാം സർക്കാർ ഇന്ന് പരസ്യം നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും നൽകിയിട്ടുണ്ട്. ഇതിൽ നിന്നാണ് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയത്. സ്വതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്ന് ടിപ്പു സുൽത്താന്‍റെ ചിത്രവും ഒഴിവാക്കി.

ഈ അൽപ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെമ്പാടും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു. ട്വിറ്ററിലും സമൂഹ മാധ്യമങ്ങളിലാകെയും ഈ വിഷയം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ശിവമോഗയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സവർക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർണ്ണാടക സർക്കാരിന്‍റെ വിവാദ പത്രപരസ്യം.