കര്‍ണ്ണാടക സര്‍ക്കാരിന്റെ സ്മാര്‍ട്ട് വാട്ടര്‍ പദ്ധതി: ബെംഗളൂരുവിന്റെ ദാഹം തീര്‍ക്കാന്‍ കാവേരി ഒഴുകിയെത്തും

Jaihind News Bureau
Sunday, May 11, 2025

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനും, സ്വകാര്യ ടാങ്കറുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി കര്‍ണാടക സര്‍ക്കാര്‍ ‘സഞ്ചാരി കാവേരി’ പദ്ധതിക്ക് തുടക്കം കുറിച്ചു. ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) സാക്ഷ്യപ്പെടുത്തിയ കാവേരി ജലം സബ്‌സിഡി നിരക്കില്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്. സ്മാര്‍ട്ട് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതുമായ കുടിവെള്ള വിതരണ സംവിധാനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പൈപ്പ് ലൈന്‍ വഴി കാവേരി വെള്ളം എത്താത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ, താങ്ങാനാവുന്ന വിലയില്‍ ഉത്തരവാദിത്തത്തോടെയുള്ള ജലവിതരണം ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭൂഗര്‍ഭജലത്തിന്റെ ശോഷണവും ‘ടാങ്കര്‍ മാഫിയ’ എന്ന് വിളിക്കപ്പെടുന്നവരുടെ ചൂഷണവും ബെംഗളൂരുവില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

സഞ്ചാരി കാവേരി: സാങ്കേതികവിദ്യയിലൂടെ സുതാര്യമായ ജലവിതരണം

‘സഞ്ചാരി കാവേരി’ക്ക് കീഴില്‍, താമസക്കാര്‍ക്ക് പുതിയ മൊബൈല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ വഴിയോ വാട്ടര്‍ ടാങ്കറുകള്‍ ബുക്ക് ചെയ്യാം. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ടാങ്കര്‍ വാഹനങ്ങളുടെ തത്സമയ ലൊക്കേഷന്‍ അറിയാനും, ഓണ്‍ലൈനായി പണമടയ്ക്കാനും, നിര്‍ബന്ധിത ഒ.ടി.പി സംവിധാനത്തിലൂടെ ഡെലിവറി സ്ഥിരീകരിക്കാനും സാധിക്കും. തിരക്കേറിയ സമയങ്ങളില്‍ പോലും 24 മണിക്കൂറിനുള്ളില്‍ വെള്ളം എത്തിക്കുമെന്നാണ് വാഗ്ദാനം. പരാതികള്‍ അറിയിക്കാന്‍ 24/7 ഹെല്‍പ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ടാങ്കറുകളിലും ബി.ഐ.എസ് സാക്ഷ്യപ്പെടുത്തിയ കുടിവെള്ളമായിരിക്കും വിതരണം ചെയ്യുക.

എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന സുതാര്യമായ ജലസേവനപദ്ധതിയാണ് ഇതെന്നും ജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവിലെ വര്‍ധിച്ചുവരുന്ന ജലപ്രതിസന്ധി പരിഹരിക്കാന്‍ സാങ്കേതികവിദ്യയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ചടങ്ങില്‍, എസ്. ടി. സോമശേഖര്‍ എം.എല്‍.എ ഈ പദ്ധതിയെ ‘ഗെയിം ചേഞ്ചറുകള്‍’ എന്നണ് വിശേഷിപ്പിച്ചത് . സ്വകാര്യ ടാങ്കറുകളുടെ കുത്തക അവസാനിപ്പിക്കുന്നതിനും നമ്മുടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്,’ അദ്ദേഹം പറഞ്ഞു.വൈറ്റ്ഫീല്‍ഡ് പോലുള്ള നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും തെക്കുകിഴക്കന്‍ മേഖലകളിലുമാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടെ കുഴല്‍ക്കിണറുകളെ അമിതമായി ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തിന്റെ ദ്രുതഗതിയിലുള്ള ശോഷണത്തിന് കാരണമായി. 2024-ലെ ഒരു പഠനമനുസരിച്ച്, ബെംഗളൂരുവിലെ 200 വാര്‍ഡുകളില്‍ 80 എണ്ണവും ജലക്ഷാമത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയിലാണ്.

തുടര്‍ച്ചയായ രണ്ട് വേനല്‍ക്കാലങ്ങളില്‍ നേരിട്ട ജലക്ഷാമം പരിഹരിക്കാന്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ വാഹനങ്ങള്‍ കഴുകുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പോലുള്ള അനിവാര്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് ബി.ഡബ്ല്യു.എസ്.എസ്.ബി നിരോധിച്ചിരുന്നു. നിയമലംഘകര്‍ക്ക് 5,000 രൂപ പിഴയും, ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പ്രതിദിനം 500 രൂപ അധിക പിഴയും ചുമത്തുന്നു.