കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം; ആവേശമായി രാഹുല്‍ ഗാന്ധിയും ഖാര്‍ഗേയും

Jaihind News Bureau
Tuesday, May 20, 2025

ഹൊസപ്പേട്ട: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷമായ ‘പ്രഗതിയത്ത കര്‍ണാടക – സമര്‍പ്പണ സങ്കല്‍പ്പം’ പരിപാടിക്ക് ആവേശകരമായ തുടക്കം. ഹൊസപ്പേട്ടയിലെ തോരണഗല്ലില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചു.

അനധികൃത താമസസ്ഥലങ്ങളെ റവന്യൂ വില്ലേജുകളാക്കി ഉയര്‍ത്തി താമസക്കാര്‍ക്ക് ഡിജിറ്റല്‍ ടൈറ്റില്‍ ഡീഡുകള്‍ നല്‍കി നിയമപരമായ ഭൂവുടമകളാക്കിയത് ഒരു ചരിത്രപരമായ നേട്ടമാണെന്ന് വന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അവകാശപ്പെട്ടു. ‘മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇത് സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. കര്‍ണാടക റവന്യൂ മന്ത്രിയായിരുന്ന കാലത്ത് ഖാര്‍ഗെയാണ് ഈ അനധികൃത താമസസ്ഥലങ്ങളെ അംഗീകൃത റവന്യൂ വില്ലേജുകളാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടത്. ഏകദേശം ഒരു ദശാബ്ദം മുമ്പ് കര്‍ണാടക സന്ദര്‍ശിച്ചപ്പോള്‍, ലംബാനി ഊരുകളിലെ താമസക്കാര്‍ക്ക് ടൈറ്റില്‍ ഡീഡുകള്‍ ലഭിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് 1,11,111 പട്ടയം ഞങ്ങള്‍ താമസക്കാര്‍ക്ക് വിതരണം ചെയ്യും. ഇവ നഷ്ടപ്പെടാത്ത ഡിജിറ്റല്‍ ടൈറ്റില്‍ ഡീഡുകളാണ്,’ അദ്ദേഹം പറഞ്ഞു.


കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ക്ക് പുറമെ ആറാമതൊരു സുപ്രധാന ഉറപ്പുകൂടി പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുന്നതാണ് ഈ പുതിയ നടപടി. ഇത് കര്‍ണാടകയുടെ ഭാവിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഉറപ്പാണെന്നും ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരിട്ട് പ്രയോജനം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.’തിരഞ്ഞെടുപ്പ് വേളയില്‍ ഞങ്ങള്‍ കര്‍ണാടകയില്‍ 5 ഗ്യാരണ്ടികളാണ് നല്‍കിയത്, എന്നാല്‍ ഇന്ന് ഞങ്ങള്‍ 6 എണ്ണം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കിയിട്ടുണ്ട്,’ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

‘ഇതാണ് കര്‍ണാടകയുടെ ഭാവിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്യാരണ്ടി. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരിട്ട് ഗുണം ചെയ്യും,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ‘ആരാണോ ഭൂമി കൈവശം വെച്ചിരിക്കുന്നത്, അവര്‍ക്ക് തന്നെ അതിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം, അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്,’ സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ നടപടി സംസ്ഥാനത്തെ ഭൂരഹിതരായ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്നും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയായും ഇത് വിലയിരുത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ അവഗണിച്ചാണ് ഭൂരിഭാഗം പേരും വലിയ വാട്ടര്‍പ്രൂഫ് പന്തലിലേയ്ക്ക് എത്തിയത്. പുറത്ത് നിരവധി പേര്‍ മഴയില്‍ കുടുങ്ങി. നിര്‍ത്താതെ പെയ്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. ഹൊസപ്പേട്ടയിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അതിഥികളെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്ത റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റിയതിനുള്ള ദൈവിക അനുഗ്രഹമാണ് ഈ മഴയെന്ന് വിശേഷിപ്പിച്ചു.

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുര്‍ ഖര്‍ഗെയും തോരണഗല്ലിലെ ജിന്‍ഡാല്‍ എയര്‍ സ്ട്രിപ്പില്‍ നിന്ന് ഹെലികോപ്റ്ററില്‍ വേദിയിലെത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡ് മാര്‍ഗമാണ് യോഗ സ്ഥലത്ത് എത്തിയത്. കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ് തങ്കടഗി, പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി, വനം മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ, നിയമ, പാര്‍ലമെന്ററി കാര്യ, നിയമനിര്‍മ്മാണ, ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീല്‍ എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വകുപ്പുകളിലെ പ്രധാന നേട്ടങ്ങളുടെ സംഗ്രഹം അവതരിപ്പിച്ചു.