കേന്ദ്ര അവഗണന; കർണാടക സർക്കാരിന്‍റെ പ്രതിഷേധം, ചലോ ഡൽഹി എന്ന പേരില്‍

Jaihind Webdesk
Wednesday, February 7, 2024

കേന്ദ്ര അവഗണനയ്ക്കെതിരെ കർണ്ണാടക സർക്കാരിന്‍റെ പ്രതിഷേധ സമരത്തിന് ജന്തർമന്തറിൽ തുടക്കം. കേന്ദ്രസർക്കാരിന്‍റെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള അവഗണനയ്ക്കെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ചലോ ഡൽഹി എന്ന പേരിലാണ് പ്രതിഷേധം.

നൽകുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർണാടകയും കേരളവും ഉയർത്തുന്ന വിമർശനം. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും ഡൽഹി സമരത്തിൻ്റെ ഭാഗമാകും.
കേന്ദ്രസർക്കാർ രാഷ്ട്രീയ വിവേചനം കാട്ടുകയാണെന്ന ആരോപണമാണ് കർണ്ണാടകയുടേത്. കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ ഡൽഹി പ്രതിഷേധ സമ്മേളനം നാളെ നടക്കാനിരിക്കെയാണ് കർണാടക സർക്കാരും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രധനകാര്യമന്ത്രി നിർമലാ സീതാരാമൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി എ നാരായണസ്വാമി എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.