കർണാടകയിൽ രാഷ്ട്രീയ അനിശ്ചത്വം തുടരുന്നു

Jaihind News Bureau
Tuesday, July 23, 2019

കർണാടകയിൽ രാഷ്ട്രീയ അനിശ്ചത്വം തുടരുന്നു. ഇന്നലെ അർധരാത്രി വരെ നീണ്ട ചർച്ചകൾക്ക് ശേഷം നിയമസഭ പിരിഞ്ഞു. രാവിലെ 10 മണിക്ക് വീണ്ടും സഭ ചേരണമെന്നും വൈകിട്ട് 6 മണിക്ക് മുൻപ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കർ കെ.ആർ രമേഷ്‌കുമാർ നിർദേശം നൽകി. വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്. നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡ്യൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്‌പെൻസ് നിറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു.

വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതൽ സമയം ചോദിച്ചപ്പോൾ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.

അതേസമയം, കർണാടകയിൽ സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷിചേരും. വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വിമതരുടെ വിപ്പിന്‍റെ കാര്യത്തിൽ വ്യക്തത തേടിയാണ് സ്പീക്കറും കോൺഗ്രസും ഇതിൽ കക്ഷിചേരുന്നത്. കോൺഗ്രസിനുവേണ്ടി കപിൽ സിബൽ ഹാജരാകും. അഭിഷേക് മനു സിങ്വി സ്പീക്കർക്കുവേണ്ടി ഹാജരാകും.