“പരാജയങ്ങളിൽ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങാൻ മാത്രമല്ല, വിജയത്തിന്‍റെ മധുരം ആസ്വദിക്കാനും ഒരു നേതാവിന് അവകാശമുണ്ട്”; കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം കെ സി വേണുഗോപാലിനും അവകാശപ്പെട്ടത്; ഹൃദ്യമായ കുറിപ്പുമായി റോജി എം ജോണ്‍

Jaihind Webdesk
Friday, May 19, 2023

തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും അവകാശപ്പെട്ടതാണെന്ന്  കർണാടകയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി  റോജി എം ജോണ്‍ എംഎല്‍എ. കര്‍ണാടക തിരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ സർക്കാർ രൂപീകരണം വരെ  കെ.സി മുഖ്യ പങ്ക് വഹിച്ചു. ഭാരത് ജോഡോ യാത്ര കർണാടകയുടെ ഹൃദയ ഭൂമിയിലൂടെ പ്ലാൻ ചെയ്ത് വലിയ വിജയമാക്കി കോൺഗ്രസിന് അനുകൂലമായ കളമൊരുക്കി. ഏറ്റവുമൊടുവിൽ തിളക്കമാർന്ന വിജയത്തിനു ശേഷം സർക്കാർ രൂപീകരണത്തിൽ ശ്രീ സിദ്ധരാമയ്യയും ശ്രീ D K ശിവകുമാറും തമ്മിലുള്ള കൃത്യമായ ധാരണ രൂപികരിക്കുന്നതിലും കെ.സി മുഖ്യ പങ്ക് വഹിച്ചു തുടങ്ങി കെ സി വേണുഗോപാലിന്‍റെ സംഘടന പാടവം കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയത്തിന്‍റെ പ്രധാന ഘടകമായി മാറിയെന്ന്  റോജി എം ജോണ്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കർണാടകയിലെ 224 മണ്ഡലങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണയുള്ള കെ സി വേണുഗോപാല്‍  മല്ലികാർജുൻ ബാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും  പ്രചാരണ പരിപാടികള്‍ നേരിട്ട് മേൽനോട്ടം വഹിച്ച് വൻ വിജയമാക്കിയെന്നും തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടയിലും പല മണ്ഡലങ്ങളിലും രാത്രി വൈകി നേരിട്ടെത്തി ഇലക്ഷൻ മാനേജ്മെന്‍റ് വിലയിരുത്തി പോരായ്മകൾ പരിഹരിക്കുമെന്നും റോജി എം ജോണ്‍ പറഞ്ഞു.

റോജി എം ജോണിന്‍റെ ഫോസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഒരു വർഷം മുമ്പ് ഡൽഹിയിൽ പോയപ്പോൾ എഐസിസി ആസ്ഥാനത്ത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ K C വേണുഗോപാലിനെ സന്ദർശിക്കുകയുണ്ടായി. കേരള രാഷ്ട്രീയമൊക്കെ സംസാരിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഒരു ചോദ്യം, “കർണാടകയിൽ പ്രവർത്തിക്കാൻ താൽപര്യം ഉണ്ടോ” എന്ന്. ആദ്യം ഒന്ന് സംശയിച്ചെങ്കിലും രണ്ടും കൽപ്പിച്ച് സമ്മതം പറഞ്ഞു ഞാൻ തിരിച്ച് പോന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഞാനും ശ്രീ P C വിഷ്ണുനാഥും ഉൾപ്പെടെ 5 പേരെ കർണാടകയുടെ ചുമതലയുള്ള AlCC സെക്രട്ടറിമാരായി നിയമിച്ച് അദ്ദേഹത്തിന്റെ അറിയിപ്പ് വന്നു. മറ്റ് മൂന്ന് പേരും ഏകദേശം ഞങ്ങളുടെ സമപ്രായക്കാർ. കർണാടകയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ശ്രീ രൺദീപ് സിങ്ങ് സുർജേവാല ക്ക് കീഴിൽ കർണാടകയെ അഞ്ച് മേഖലകളായി തിരിച്ച് ഞങ്ങൾക്ക് ചുമതല ലഭിച്ചു. അന്ന് മുതൽ ഇന്ന് വരെ ഓരോ ഘട്ടത്തിലും കർണാടക തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയ കെ.സി ഞങ്ങൾക്ക് ശരിയായ നിർദേശങ്ങൾ നൽകി. ഭാരത് ജോഡോ യാത്ര കർണാടകയുടെ ഹൃദയ ഭൂമിയിലൂടെ പ്ലാൻ ചെയ്ത് വലിയ വിജയമാക്കി കോൺഗ്രസിന് അനുകൂലമായ കളമൊരുക്കി.
കർണാടകയിലെ 224 മണ്ഡലങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ കെ സി ക്ക് ഉണ്ട്. കൃത്യമായ ഇടവേളകളിൽ അദ്ദേഹം നേരിട്ടെത്തി ഓരോ മണ്ഡലത്തിലേയും പ്രവർത്തനങ്ങൾ വിലയിരുത്തി. പലപ്പോഴും രാത്രി മൂന്ന് മണി വരെ അത് നീണ്ട് പോയിരുന്നു. അഞ്ച് മേഖലകളിലും മൽസര ബുദ്ധിയോടെ പ്രവർത്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. തീർത്തും കുറ്റമറ്റ സ്ഥാനാർഥി പട്ടിക വളരെ നേരത്തെ തന്നെ തയ്യാറാക്കി BJP ക്കും JDS നും മേൽ മേൽക്കെ നേടി.
കോൺഗ്രസ് പ്രസിഡന്റ് ശ്രീ.മല്ലികാർജുൻ ബാർഗെയുടെയും രാഹുൽ ഗാന്ധിജിയുടെയും പ്രിയങ്കജിയുടെയും ഓരോ പ്രചാരണ പരിപാടിയും നേരിട്ട് മേൽനോട്ടം വഹിച്ച് വൻ വിജയമാക്കി. റാലികളിൽ പതിനായിരങ്ങൾ അണിനിരന്നാലും കെ സി പൂർണ്ണ സംതൃപ്തവാനാവില്ല. അടുത്ത പരിപാടിയിൽ ഇതിലും കൂടുതൽ വേണമെന്ന് പറയും. തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടയിലും പല മണ്ഡലങ്ങളിലും രാത്രി വൈകി നേരിട്ടെത്തി ഇലക്ഷൻ മാനേജ്മെന്റ് വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. ഏറ്റവുമൊടുവിൽ തിളക്കമാർന്ന വിജയത്തിനു ശേഷം സർക്കാർ രൂപീകരണത്തിൽ ശ്രീ സിദ്ധരാമയ്യയും ശ്രീ D K ശിവകുമാറും തമ്മിലുള്ള കൃത്യമായ ധാരണ രൂപികരിക്കുന്നതിലും കെ.സി മുഖ്യ പങ്ക് വഹിച്ചു. കർണാടകയിലെ ഈ വിജയത്തിന്റെ ഒരു പ്രധാന പങ്ക് AlCC സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ K C വേണുഗോപാലിനും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന് അഭിമാനിക്കാം.
PS: പരാജയങ്ങളിൽ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങാൻ മാത്രമല്ല, വിജയത്തിന്‍റെ മധുരം ആസ്വദിക്കാനും ഒരു നേതാവിന് അവകാശമുണ്ട്.