കർണാടക ബിജെപിയിൽ തമ്മിലടി; നേതൃത്വത്തിന്‍റെ നിലപാടുകളിൽ വിയോജിച്ച് രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുന്ന നേതാക്കള്‍..

Jaihind Webdesk
Thursday, June 8, 2023

ബംഗളുരു:  നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തകർച്ചയെത്തുടർന്ന് കർണാടക ബിജെപിയിൽ തമ്മിലടി രൂക്ഷമായി. മുൻ കേന്ദ്ര മന്ത്രിയും മുൻമുഖ്യമന്ത്രിയും ബംഗളുരു നോർത്ത് എംപി യുമായ ഡി വി. സദാനന്ദ ഗൗഡയാണ് പാർട്ടിക്കുള്ളിലെ കുലംകുത്തികൾക്കെതിരെ രംഗത്തുവന്നത് . അടുത്ത വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ്ങ് എംപി മാരിൽ പലർക്കും സീറ്റ് നിഷേധിക്കാൻ അണിയറ നീക്കം നടക്കുന്നതായി സദാനന്ദ ഗൗഡ ആരോപിച്ചു. കർണാടകയിലെ ബിജെപി  നേതാക്കളിൽ ഒരു വിഭാഗമാണ് ഇതിനുള്ള ചരടുവലികൾ നടത്തുന്നതെന്നും സദാനന്ദ ഗൗഡ ആരോപിക്കുന്നു.

നേതൃത്വത്തിൻ്റെ നിലപാടുകളിൽ വിയോജിച്ച് ബിജെപി വിടുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്യുന്ന നേതാക്കളുടെ എണ്ണം കർണാടകയിൽ ഏറിവരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടത്. ഹാവേരിയിൽ നിന്നുള്ള ലോക്സഭാംഗം ശിവകുമാർ ഉദാസി താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 3 തവണ എംപി യായ ഉദാസി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാടിയാണ് സജീവ രാഷ്ട്രീയം വിടുകയാണെന്ന് വ്യക്തമാക്കിയത്. തുംകൂർ എംപി ജി .എസ്. ബസവരാജ് താനിനി മൽസരിക്കാനില്ലെന്ന് പറയുന്ന ഓഡിയോ ക്ലിപ്പും നേരത്തെ പുറത്തു വന്നിരുന്നു. പ്രായാധിക്യം കാരണം മൽസരിക്കുന്നില്ലെന്നും പകരം മുൻ മന്ത്രി വി.സോമണ്ണയെ തുംകൂരിൽ മൽസരിപ്പിക്കണമെന്നും ബസവരാജ് പറയുന്ന സംഭാഷണമാണ് ചോർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വരുണയിലും ചാമരാജ് നഗറിലും പരാജയപ്പെട്ട നേതാവാണ് വി.സോമണ്ണ .

കർണാടകയിൽ നിന്നുള്ള 25 ബിജെപി എം പി മാരിൽ 13 പേർക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കില്ലെന്നാണ് പാർട്ടിക്കകത്തെ സംസാരം. ഇതിനു പുറമേയാണ് എന്‍ഡിഎ യിലേക്ക് ജെഡിഎസ് കൂടി എത്തുമ്പോഴുണ്ടാകുന്ന സാഹചര്യം. മൈസൂരു മേഖലയിൽ തലയെടുപ്പുള്ള നേതാക്കളടക്കം സീറ്റുകൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നാണ് സൂചന. ഇതു ശരിയാണെങ്കിൽ കർണാടക ബിജെപി യിൽ നിന്ന് മുതിർന്ന നേതാക്കളുടെ ഒഴുക്കുണ്ടാകാൻ ഇടയുണ്ട്.

2019 ൽ ആകെയുള്ള 28 ൽ 25 സീറ്റും നേടി കർണാടക ബിജെപി  തൂത്തുവാരിയിരുന്നു. കോൺഗ്രസും ജെഡിഎസ് ഉം ഓരോ സീറ്റ് നേടിയപ്പോൾ മാണ്ഡ്യയിൽ സുമലത സ്വതന്ത്രയായി ജയിക്കുകയായിരുന്നു. താനുൾപ്പെടെയുള്ള നേതാക്കൾക്ക് വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന മാധ്യമ വാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച സദാനന്ദ ഗൗഡ പാർട്ടി വിഭാഗീയതയ്ക്കെതിരെയും വിരൽ ചൂണ്ടി. നേതാക്കളെ തേജോവധം ചെയ്ത് പാർട്ടിയെ ഇല്ലാതാക്കാൻ പാർട്ടിക്കകത്തു തന്നെ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം തുറന്നടിച്ചു. മികച്ച പാർലമെൻ്റേറിയനായ ശിവകുമാർ ഉദാസി സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യപിച്ചത് അദ്ദേഹത്തെ വല്ലാതെ മുറിവേൽപ്പിച്ചതുകൊണ്ടാണെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡൻറും ദക്ഷിണ കന്നഡയിൽ നിന്ന് തുടർച്ചയായി 3 തവണ ലോക് സഭാംഗവുമായ നളിൻ കുമാർ കട്ടീൽ ,മുൻ കേന്ദ്ര മന്ത്രിയും 6 തവണ ഉത്തരകന്നഡയിൽ നിന്നുള്ള ലോക് സഭാംഗവുമായ അനന്ത് കുമാർ ഹെഗ്ഡെ എന്നിവർക്കെതിരെയും ബിജെപി യിൽ പടയൊരുക്കമുണ്ട്. 224 അംഗ കർണാടക നിയമസഭയിൽ കേവലം 66ൽ ഒതുങ്ങിയതിൻ്റെ ആഘാതം മാറുന്നതിനു മുമ്പാണ് ബിജെപിക്ക് കന്നഡ മണ്ണിൽ നില തെറ്റുന്നത്.