പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യെദിയൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ച് കർണാടക സിഐഡി

Jaihind Webdesk
Thursday, June 27, 2024

 

ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരേ സിഐഡി കുറ്റപത്രം സമർപ്പിച്ചു. പോക്സോ പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.

17 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദ്യൂരപ്പയുടെ പേരിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗളുരു ഡോളർ കോളനിയിലെ വസതിയിൽ വെച്ച് തന്‍റെ 17 കാരിയായ മകളെ പീഡിപ്പിച്ചുവെന്ന 54 കാരിയായ സ്ത്രീയുടെ പരാതിയിലാണ് മുൻ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.ഈ വർഷം മാർച്ചിലാണ് ബംഗളുരുവിലെ സദാശിവനഗർ പോലീസ് യെദിയൂരപ്പക്കെതിരെ പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. പീഡന പരാതിയുടെ അടിസ്ഥാനത്തിൽ യെദ്യൂരപ്പയ്‌ക്കെതിരെ 2012ലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറിക്കൊണ്ട് കർണാടക പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ ഉത്തരവിട്ടിരുന്നു. കുട്ടിയുടെ അമ്മ അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജൂൺ 17-ന് യെദ്യൂരപ്പയെ മൂന്ന് മണിക്കൂറോളം സിഐഡി ചോദ്യം ചെയ്തിരുന്നു. കേസിൽ ഒരു പുരോ​ഗതിയും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സഹോദരൻ ഈ മാസം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. അതേസമയം തനിക്കെതിരായ ലൈംഗികാരോപണം യെദിയൂരപ്പ നിഷേധിച്ചു. കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സിഐഡിയെ തടഞ്ഞുകൊണ്ട് കർണാടക ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

യെദ്യൂരപ്പയുടെ അറസ്റ്റ് സ്റ്റേ ചെയ്ത കർണാടക ഹൈക്കോടതി വിധിയെ വിമർശിച്ച് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി. തുല്യ നീതി നടപ്പാക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയെന്ന് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കൊന്നും ഇത്തരത്തില്‍ ഒരു പരിഗണനയും ലഭിച്ചില്ലെന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. ‘തിരഞ്ഞെടുക്കപ്പെട്ട നീതി’ എന്ന വാക്ക് ഉപയോഗിച്ചായിരുന്നു ജമ്മു-കശ്മീർ മുന്‍ മുഖ്യമന്ത്രിയുടെ വിമർശനം.