കർണാടകയെ ആരു നയിക്കും? കന്നഡപ്പോരിന്‍റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയോടെ മുന്നണികള്‍

Jaihind Webdesk
Friday, May 12, 2023

 

ബംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് വാഴും ആര് വീഴും എന്ന് നാളെ അറിയാം. ദേശീയ രാഷ്ട്രീയത്തെ തന്നെ നിർണായകമായി സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും കർണാടകയിലേത്. 40 ദിവസം നീണ്ടു നിന്ന വാശിയേറിയ പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് കർണാടക പോളിംഗ് ബൂത്തിലെത്തിയത്. കോൺഗ്രസും, ബിജെപിയും, ജനതാദൾ സെക്കുലറും ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ കന്നഡ മണ്ണ് പിടിക്കാൻ വീറോടെയാണ് മത്സരിച്ചത്.
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം പിടിച്ചെടുക്കുക എന്ന ലക്ഷത്തിൽ കോൺഗ്രസും, നിലനിർത്താൻ ബിജെപിയും രംഗത്തിറങ്ങിയപ്പോൾ ജനതാദൾ സെക്കുലറിന് അഭിമാനപ്പോരാട്ടമായി കർണാടക ഇലക്ഷൻ മാറി.

അഭിപ്രായ സർവേകൾ മുതൽ എക്‌സിറ്റ് പോൾ ഫലം വരെ കോൺഗ്രസ് കർണാടകയുടെ അധികാരം പിടിച്ചെടുക്കുമെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടം മുതൽ ചിട്ടയായുള്ള പ്രവർത്തനങ്ങൾ തന്നെയായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. ഇതുതന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ മുന്‍തൂക്കവും.  പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഒറ്റക്കെട്ടായി കർണാടകയിലെ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ കോൺഗ്രസ് ഹൈക്കമാന്‍ഡ് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. 40 ശതമാനം കമ്മീഷൻ സർക്കാരിനെ താഴെ ഇറക്കുമെന്ന കോൺഗ്രസ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ന്യൂനപക്ഷ സ്വാധീന മേഖലയിലടക്കമുണ്ടായ ഇയർന്ന പോളിംഗ് കോൺഗ്രസിന് കൂടുതൽ അനുകൂലമാകും എന്നാണ് വിലയിരുത്തൽ.

എഐസിസി അധ്യക്ഷ്യൻ മല്ലിഖാർജുൻ ഖാർഗെയുടെ സ്വന്തം തട്ടകത്തിൽ ഭരണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേ സമയം ദക്ഷിണേന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനം നിലനിർത്താനായുള്ള പരിശ്രമത്തിലായിരുന്നു ബിജെപി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ആരംഭിച്ച ഒഴുക്ക് തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോഴും തുടരുന്നത് ബിജെപിക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവിഡിയും പാർട്ടി വിട്ടത് കർണാടക ബിജെപിക്ക് വലിയ തിരിച്ചടിയായി. അഴിമതി ആരോപണവും കൊഴിഞ്ഞുപോക്കും കൊണ്ട് പ്രതിസന്ധിയിലായ ബിജെപിയെ രക്ഷപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ നടത്തിയ വലിയ പരിശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം ജനതാദൾ സെക്കുലറിന് പ്രതീക്ഷിച്ച വേരോട്ടം കർണാടകയിൽ ഉണ്ടാക്കാനായില്ല എന്നാണ് വിലയിരുത്തൽ. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങളിലുൾപ്പെടെ കനത്ത തിരിച്ചടിയാണ് ജനതാദൾ സെക്കുലറിന് വിലയിരുത്തുന്നത്. ആവേശം നിറഞ്ഞ കന്നഡപ്പോരിൽ വിധാന്‍ സൗധയിൽ ആരു ഭൂരിപക്ഷം നേടുമെന്ന കാര്യം നാളെ അറിയാം.