ബംഗളുരു: കർണാടക നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിച്ചു. പ്രതീക്ഷയോടെ കോൺഗ്രസും ബിജെപിയും. കറുത്ത കുതിരകളാവാൻ ജനതാദൾ എസ്. അതേസമയം സംസ്ഥാനത്ത് കോൺഗ്രസിന് മുൻതൂക്കമെന്നാണ് വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 5 മണി വരെ 65.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 72.36 ആയിരുന്നു 2018 ല്‍ പോള്‍ ചെയ്തത്.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് ആദ്യ മണിക്കൂർ നേരം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വേഗത കൂടി. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ത്രീ വോട്ടർമാർ ഉൾപ്പെടെ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. പിന്നീട് ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളും പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചു. വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കോൺഗ്രസിന് അനുകൂലമാണ്. പഴുതടച്ച് കോൺഗ്രസ് നടത്തിയ പ്രചരണം ഫലവത്തായി എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്നാണ് വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.എന്നാൽ ഭരണം നിലനിർത്താൻ കഴിയുമെന്നാണ് ബി.ജെ.പി ക്യാമ്പിന്‍റെ അവകാശ വാദം.
സർക്കാറിന്‍റെ അഴിമതിയും ജനങ്ങൾക്കിടയിൽ ഉയർന്ന ഭരണ വിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.കോൺഗ്രസിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം മികച്ച പോളിംഗാണ് ഖേപ്പെടുത്തിയത്. നഗരമേഖലകളിലും ഭേദപ്പെട്ട പോളിംഗ് ഉണ്ടായത് കോൺഗ്രസിന് അനുകൂല ഘടകമാണ്. പ്രധാനമന്ത്രി നരന്ദ്ര മോദി ഉൾപ്പെടെ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ കർണാടക കൈവിട്ടാൽ ബിജെപിക്ക് അത് കൂടുതൽ ക്ഷീണമാകും. കർണാടക പിടിച്ചാൽ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് കൂടുതൽ കരുത്ത് പകരും. ഇനി മെയ് 13 വരെയുള്ള രണ്ട് ദിവസത്തെ കാത്തിരിപ്പ്. കന്നഡ മണ്ണിനെ കോൺഗ്രസ് ത്രിവർണ സാഗരമാക്കുമോ അതോ ബിജെപി താമര വിരിയിക്കുമോ എന്നറിയാൻ.