
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന കർണാടകയിലെ വിവാദമായ ‘അലന്ദ് വോട്ട് കൊള്ള’ കേസിൽ ബി.ജെ.പി. മുൻ എം.എൽ.എ. സുഭാഷ് ഗൂട്ടേദാർ, അദ്ദേഹത്തിന്റെ മകൻ ഹർഷാനന്ദ് ഗൂട്ടേദാർ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം സമർപ്പിച്ചു. 22,000-ത്തോളം പേജുകളുള്ള ബൃഹത്തായ കുറ്റപത്രമാണ് ബെംഗളൂരു ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നിലവിലെ എം.എൽ.എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആർ. പാട്ടീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ നടപടികൾ ആരംഭിച്ചത്. കുറ്റപത്രത്തിൽ സുഭാഷ് ഗൂട്ടേദാർ ഒന്നാം പ്രതിയും മകൻ ഹർഷാനന്ദ് രണ്ടാം പ്രതിയുമാണ്.
2023-ലെ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിനായി, തനിക്ക് അനുകൂലമല്ലാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ സുഭാഷ് ഗൂട്ടേദാർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഏകദേശം 5,994 വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അനധികൃതമായി നുഴഞ്ഞുകയറിയാണ് ഈ തട്ടിപ്പ് നടത്തിയത്. വഞ്ചന, ആൾമാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.