കരിപ്പൂർ വിമാന ദുരന്തം : പ്രതിപക്ഷ നേതാക്കള്‍ അപകടസ്ഥലം സന്ദർശിച്ചു | Video

Jaihind News Bureau
Saturday, August 8, 2020

 

വിമാനപകടം നടന്ന കരിപ്പൂർ വിമാനത്താവളം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും സന്ദർശിച്ചു. മറ്റ് കോണ്‍ഗ്രസ് – യു.ഡി.എഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഏറ്റവും ദുഃഖകരമായ സംഭവമെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സംഭവസ്ഥലത്ത് എത്തിയത്. സംഭവ സ്ഥലം സന്ദർശിച്ച ശേഷം എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ ടി.വി ഇബ്രാഹിം, ടി.എ അഹമ്മദ് കബീർ എന്നിവരോട് നേതാക്കൾ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ അപകടത്തിന്‍റെ കാരണം വ്യക്തമാവുകയുള്ളൂവെന്നും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരപകടമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തില്‍ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച രമേശ് ചെന്നിത്തല രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ അഭിനന്ദിച്ചു.

 

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങവെ അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സയ്ക്ക് ആവശ്യമായ തുടർ സഹായം സർക്കാർ ഒരുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണ റിപ്പോർട്ടിനൊപ്പം വിമാനത്താവളത്തെ കുറിച്ചുള്ള റിപ്പോർട്ട് കൂടി ഉൾപ്പെടുത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ എം.കെ മുനീർ, ടി.വി ഇബ്രാഹിം, അബ്ദുൾ ഹമീദ്, എ.പി അനിൽകുമാർ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി സിദ്ദിഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് തുടങ്ങിയവരും നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.

 

https://www.facebook.com/JaihindNewsChannel/videos/3225985664148418