ന്യൂഡൽഹി : കരിപ്പൂർ വിമാനദുരന്തത്തിന് കാരണം പൈലറ്റിന്‍റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനത്തിന്‍റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് എയർ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. അതേസമയം സാങ്കേതിക പിഴവ് തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.
പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല വിമാനം ഇറങ്ങിയത്. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ‘ഗോ എറൗണ്ട്’ നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണമെന്നാണ് ചട്ടം. വീഴ്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റ് 7 നായിരുന്നു രണ്ട് പൈലറ്റുമാരുള്‍പ്പെടെ 21 പേരുടെ മരണത്തിന് ഇടയാക്കിയ കരിപ്പൂർ വിമാനാപകടം ഉണ്ടായത്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബി 737-800 ദുബായ് – കോഴിക്കോട് വിമാനമാണ് റൺവേയിൽ നിന്നും മുന്നോട്ടുപോയി വിമാനത്താവളത്തിന്‍റെ മതിലില്‍ ഇടിച്ച് കഷണങ്ങളായി തകർന്നത്. അപകടസമയത്ത് വിമാനത്തില്‍ 190 പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ നൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.