കരിപ്പൂർ സ്വർണക്കടത്ത്: പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ

Jaihind Webdesk
Tuesday, July 13, 2021

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേര് കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.

പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.

അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകിയത്. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിന്റെ രക്ഷധികാരികൾ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് യൂണിഫോമിൽ ഉപയോഗിക്കാറുള്ള സ്റ്റാർ അടക്കം കണ്ടെത്തിയിരുന്നു. നിലവിൽ പരോളിൽ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചതിലും പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.