അര്‍ജുന്‍ ആയങ്കി നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ് ; കൊടി സുനിയുടെ സംഘം സംരക്ഷണം ഒരുക്കിയെന്നും സൂചന

Jaihind Webdesk
Sunday, June 27, 2021

കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കി നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം ഒരുക്കിയെന്നും സൂചന. സ്വർണ്ണക്കടത്തിനും കുഴൽപ്പണം തട്ടിയെടുക്കാനും അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമൊപ്പം
പരോളിൽ ഇറങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളും കൂട്ടുനിന്നതായും സൂചനയുണ്ട്.

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്താണ് അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലേക്ക് എത്തുന്നത്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കാന്‍ തുടങ്ങിയത്. 12 തവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിയെയുത്ത സംഭവത്തിൽ ടിപി വധക്കേസിലെ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അർജുൻ ആയങ്കിയുടെ മൊഴി എടുത്ത ശേഷം മാത്രമേ ഇത് സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുകയുള്ളു.

അര്‍ജുന്‍ ആയങ്കിയുടെ സിപിഎം ബന്ധമാണ് കസ്റ്റംസ് അന്വേഷിക്കുന്ന മറ്റൊരു നിര്‍ണായക ഘടകം. ക്യാരിയര്‍മാരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന നിരവധി ഓപ്പറേഷനുകള്‍ ആയങ്കി നേരിട്ട് നടത്തിയിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. താന്‍ കടത്തിയ സ്വര്‍ണം സ്ഥിരമായി തട്ടിയെടുക്കപ്പെട്ടതിനാലാണ് പ്രവാസിയായ മൊയ്തീന്‍ ചെര്‍പ്പുളശേരി ക്വട്ടേഷന്‍ സംഘത്തെ കരിപ്പൂരിലേക്ക് അയച്ചത്.

അനസിന്‍റെയും ചരല്‍ ഫൈസലിന്റെയും ആസൂത്രണത്തിലാണ് ചെര്‍പ്പുളശേരി സംഘം കരിപ്പൂരിലെത്തിയതെന്നാണ് സൂചന. മറുവശത്ത് ആയങ്കിയും സംഘവും ശക്തമായി നിലയുറപ്പിച്ചിരുന്നു. ക്യാരിയറായ ഷഫീഖിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതും അര്‍ജുന്‍ ആയങ്കി തന്നെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിൽ ഇറങ്ങിയ സിപിഎം പ്രവർത്തകരായ രാഷ്ട്രീയ തടവുകാർ പലതവണ അർജുൻ ആയങ്കിക്കും സംഘത്തിനും സുരക്ഷ ഒരുക്കിയതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വർണ്ണം തട്ടിയെടുത്ത വേളയിൽ എതിരാളികളുടെ അക്രമം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്തരം സുരക്ഷ ഒരുക്കിയത്.