സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്കു വേണ്ടി, 25 തവണ വിളിച്ചു ; മൊഴിയില്‍ ഉറച്ച് ഷഫീഖ്

Jaihind Webdesk
Wednesday, June 30, 2021

കൊച്ചി : സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനെന്ന മൊഴിയിലുറച്ച് പിടിയിലായ മുഹമ്മദ് ഷഫീഖ്. ദുബായിൽ നിന്ന് സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് അറിയിച്ചത്. സ്വർണവുമായി വരുന്ന ദിവസം അർജുൻ 25ലധികം തവണ വിളിച്ചിരുന്നെന്നും ഷഫീഖ് മൊഴി നല്‍കി. ഇരുവരെയും ഒരുമിച്ചിരുത്തി ഉള്ള ചോദ്യംചെയ്യലിലാണ് ഷഫീഖ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി  ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സി.സജേഷ്  കസ്റ്റംസിന് മുമ്പാകെ ഹാജരായി. അർജുൻ കാർ വാങ്ങിയത് സജേഷിന്റെ പേരിലായിരുന്നു. ഇയാളുടെ ബിനാമിയായാണ് സജേഷ് പ്രവർത്തിച്ചിരുന്നതെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി ആയിരുന്നു സജേഷ്.

സജേഷിന്റെ പേരിലാണ്‌ കാറെന്ന്‌ തിരിച്ചറിഞ്ഞതിനെത്തുടർന്ന് സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാർട്ടിയിൽനിന്ന്‌‌ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണബാങ്കിലെ അപ്രൈസറാണ്‌ സജേഷ്‌. കടത്തിക്കൊണ്ടുവന്ന സ്വർണം ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ചോയെന്നും സംശയമുണ്ട്‌.