കരിഞ്ചോല മലയില്‍ മഴ ദുരന്തം വിതച്ചിട്ട് ഇന്നേക്ക് ഒരു വർഷം; 14 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിനൊപ്പം സർക്കാരിന്‍റെ അവഗണനയും പ്രദേശവാസികളുടെ ദുരന്തമേറ്റുന്നു

Friday, June 14, 2019

Karincholamala-Rain-Disaster

കോഴിക്കോട് കരിഞ്ചോല മലയിലെ ദുരിത മഴക്ക് ഇന്നേക്ക് ഒരു വർഷം. 6 കുട്ടികളടക്കം 14 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ നെഞ്ച് പിടയുന്ന ഓർമയായി പ്രദേശവാസികളെ ഇന്നും ഭീതിയിലാഴ്ത്തുന്നു. ദുരന്തത്തിനൊപ്പം സർക്കാർ കാണിച്ച അവഗണനയും പ്രദേശവാദികളെ തീരാദുഃഖത്തിലേക്കാണ് തള്ളിയിട്ടത്.

2018 ജൂൺ 14 നു പുലർച്ചെയാണ് ഉറങ്ങിക്കിടന്ന 7 കുടുംബങ്ങളിൽ മരണത്തിന്‍റെ കറുത്ത നിഴൽ പതിച്ചത്. 3 കുടുംബങ്ങളിൽ 6 കുട്ടികൾ ഉൾപ്പെടെ 14 പേരുടെ ജീവിതം ശക്തമായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായി. 5 ദിവസം നീണ്ടു നിന്ന തിരച്ചിലുകൾക്കിടയിലാണ് മൃതദേഹങ്ങൾ പോലും ലഭിച്ചത്. വേർപാടിന്‍റെ മുറിവുകൾ ഉറ്റവരിൽ നിന്നും ഇപ്പോഴും മാഞ്ഞിട്ടില്ല. ജീവിതം ബാക്കിയായിട്ടും ഒരു കൈ തന്നു സഹായിക്കാൻ പോലും സർക്കാർ തയ്യാറാകാത്തതിന്‍റെ കടുത്ത അമർഷം ഇവർക്കിടയിൽ ഉണ്ട്. വാഗ്ദാനങ്ങൾ നിരവധിയായിരുന്നു. ഒന്നും പാലിക്കപ്പെട്ടില്ല. വൈദുതി കുടിവെള്ളം, ഗതാഗതം ഇവയൊന്നും പുനഃസ്ഥാപിക്കപ്പെട്ടില്ല. ഭവന രഹിതർക്കു മാസ വാടക നൽകുമെന്ന വാഗ്ദാനം മൂന്ന് മാസത്തെ വാടകയിൽ ഒതുങ്ങി. വീട് നിർമാണവും തീരുമാനമാകാതെ കിടക്കുന്നു.

പൂർണമായും തരിശായ 50 ഏക്കർ ഉൾപ്പെടെ നൂറു കണക്കിന് ഏക്കർ ഭൂമി ഉടമസ്ഥർ ആരെന്നു അറിയാതെ തരിശായി കിടക്കുന്നു. കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരവും ലഭിച്ചില്ല. പുനരധിവാസ പ്രവർത്തങ്ങൾക്കായി രൂപീകരിച്ച എം എൽ എ ചെയർമാൻ ആയ കമ്മിറ്റി യോഗം ചേർന്നിട്ടു 6 മാസം പിന്നിട്ടു. പ്രവർത്തങ്ങൾ എല്ലാം നിശ്ചലമായി കിടക്കുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം മാത്രമാണ് പ്രദേശത്തെ ആകെ പ്രതീക്ഷ.