വിജയസ്മരണയില്‍ രാജ്യം… കാർഗില്‍ യുദ്ധവിജയത്തിന് ഇന്ന് ഇരുപതാണ്ട്

Jaihind Webdesk
Friday, July 26, 2019

ഇന്ന് കാർഗിൽ വിജയദിനം. സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്‍റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാൻ സൈന്യത്തേയും തീവ്രവാദികളെയും തൂത്തെറിഞ്ഞ് വിജയം നേടിയ ദിനം. പാക്കിസ്ഥാൻ പട്ടാളത്തിന്‍റെ അതീവ രഹസ്യമായ ഓപ്പറേഷൻ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷൻ വിജയ് ആഞ്ഞടിച്ചപ്പോൾ ലോകത്തിന് മുന്നിൽ നാണംകെട്ട തോൽവിയുമായി പാകിസ്ഥാൻ പകച്ചുനിന്നു.

1998 നവംബർ- ഡിസംബർ മാസത്തിൽ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷൻ ബാദർ ആരംഭിക്കുന്നത്. ആസൂത്രിതമായിരുന്നു പാകിസ്ഥാന്‍റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തിൽ പാകിസ്ഥാൻ പട്ടാളക്കാരെ അതിർത്തി കടത്തി ഇന്ത്യൻ പ്രദേശത്ത് നിലയുറപ്പിച്ചു. തർക്ക പ്രദേശമായ സിയാച്ചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ-കാർഗിൽ-ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാന്‍റെ ലക്ഷ്യം. പാകിസ്ഥാൻ പട്ടാളം കടന്നുകയറി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് ശക്തമായ മറുപടിയോടെയായിരുന്നു ഇന്ത്യ പ്രതികരിച്ചത്. ഓപ്പറേഷൻ വിജയ് എന്ന പേരിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടു. ഒടുവിൽ ശക്തമായ ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തറിഞ്ഞ പാകിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതിൽ കൂടുതലും വിട്ട് പിൻമാറുകയായിരുന്നു.

1999 ജൂലൈ 26 ന് കാർഗിൽ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാജ്യസ്നേഹികളായ 527 ധീരജവാൻമാരെയാണ്. ഭീകരമായ നാശം സംഭവിച്ച പാകിസ്ഥാൻ സൈന്യം പിന്നീട് കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. കുറ്റം മുഴുവനും പാകിസ്ഥാൻ, തീവ്രവാദികളിലായിരുന്നു ചാർത്തിയത്. എന്നാൽ പിൽക്കാലത്ത് കാർഗിൽ യുദ്ധത്തിന്‍റെ യഥാർത്ഥ സൂത്രധാരൻമാർ പാകിസ്ഥാൻ സൈന്യമാണെന്ന് തെളിഞ്ഞു.

കാർഗിൽ യുദ്ധ സമയത്തെ സേന തലവനും പിൽക്കാലത്ത് പാകിസ്ഥാൻ ഭരണാധികാരിയുമായ പർവേസ് മുഷറഫ്, അന്നത്തെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ജാവേദ് ഹസൻ, ലഫ്റ്റനന്റ് ജനറൽ മഹമൂദ് അഹമ്മദ് എന്നിവരുടെ സംയുക്ത ഗൂഢാലോചനയുടെ ഫലമായിരുന്നു കാർഗിലിൽ നടപ്പാക്കിയത്. യുദ്ധം ജയിച്ച ഇന്ത്യയിൽ ജനാധിപത്യം അരക്കിട്ടുറപ്പിക്കപ്പെട്ടപ്പോൾ തിരിച്ചടി ഏറ്റുവാങ്ങിയ പാകിസ്ഥാനിൽ ജനാധിപത്യവ്യവസ്ഥ തകരുകയും പാകിസ്ഥാൻ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒറ്റപ്പെടുകയും ചെയ്തു.