ഏറെ കോളിളക്കം സൃഷ്ടിച്ച തലശേരി ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ, എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത് വിവാദമായി.കോളേജിലെ മലയാളം വിഭാഗം സംഘടിപ്പിച്ച ചടങ്ങിലാണ് കൊലക്കേസ് പ്രതി പങ്കെടുത്തത്. എം. സ്വരാജ് എം.എൽ.എ പുസ്തക പ്രകാശനം നിർവഹിച്ച ചടങ്ങിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും പങ്കെടുത്തു.
കോളജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അതിഥിയായിട്ടാണ് കാരായി ചന്ദ്രശേഖരനെ ക്ഷണിച്ചിരുത്തിയത്. കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പ് അദ്ധ്യാപകൻ ഡോ.പി.ടി.പാർഥസാരഥി രചിച്ച ചരിത്ര പുസ്തക പ്രകാശന ചടങ്ങിലാണ് ഏറെ വിവാദമായ കൊലക്കേസിലെ പ്രതി ചന്ദ്രശേഖരൻ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തത്. കോളജിലെ മലയാളം വിഭാഗം ഹാളിലായിരുന്നു ചടങ്ങ്. സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും അതിഥിയായി പങ്കെടുത്തു. തൃപ്പൂണിത്തുറ എംഎൽഎ എം.സ്വരാജ് പുസ്തക പ്രകാശനം നിർവഹിച്ച ചടങ്ങിൽ രാഷ്ട്രീയം അധികം പറയാതെ ചരിത്രരചനയിലെ രാഷ്ട്രീയമായ വളച്ചൊടിക്കലിനെക്കുറിച്ചായിരുന്നു കാരായി ചന്ദ്രശേഖരന്റെയും ബിനീഷ് കോടിയേരിയുടെയും പ്രസംഗം.
ചടങ്ങിലേയ്ക്കുള്ള അതിഥികളെ തീരുമാനിച്ചത് വരളെ മുമ്പാണെന്നും അന്ന് പ്രിന്സിപ്പളായിരുന്നില്ലെന്നുമാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാളിന്റെ വിശദീകരണം. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇതില്‍ പങ്കെടുത്തില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്തായാലും സംഭവം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിലുൾപ്പെട്ട ചന്ദ്രശേഖരനെയും ബിനീഷിനെയും ചടങ്ങിൽ അതിഥികളായി ക്ഷണിച്ചതിനെതിരെ ഇടതുപക്ഷ അനുഭാവികളായ അദ്ധ്യാപകര്‍ക്കിടയില്‍ തന്നെ അമർഷമുണ്ട്. വിഷയവുമായി അതിഥികള്‍ക്കുള്ള ബന്ധമെന്താണെന്നോ എങ്ങനെയാണ് ഇവർ പരിപാടിക്ക് എത്തിയതെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ല.
2006 ഒക്ടോബർ 22നാണു തലശേരി സ്വദേശി ഫസൽ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ കൊടി സുനിയാണ് ഒന്നാം പ്രതി. കേസിൽ പൊലീസ് അന്വേഷണത്തിലും സിബിഐ അന്വേഷണത്തിലും ഗൂഢാലോചന കുറ്റമാണ് കാരായി ചന്ദ്രശേഖരനും കാരായി രാജനുമെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇളവ് അനുദിക്കാത്തതിനെ തുടർന്ന് 4 വർഷമായി എറണാകുളത്താണ് ഇരുവരും താമസിക്കുന്നത്.