ഷോക്കടിപ്പിച്ചത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ; കാരക്കോണം കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

Jaihind News Bureau
Sunday, December 27, 2020

തിരുവനന്തപുരം : കാരക്കോണത്ത് മധ്യവയസ്കയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അരുൺ കുമാറിന്‍റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. സ്വത്ത് തട്ടിയെടുക്കാനാണ് ഭാര്യ ശാഖയെ കൊലപ്പെടുത്തിയതെന്ന് അരുൺ പൊലീസിനോട് സമ്മതിച്ചു.

ഇന്നലെ പുലർച്ചെയാണ് ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഭർത്താവ് അരുൺ കൈ കൊണ്ട് ശാഖയുടെ മുഖം അമർത്തിയാണ്  കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് പരിശോധിച്ച് വരികയാണ്.

വീടിനകത്ത് അലങ്കാര ബൾബുകളിടാനായി വൈദ്യുത മീറ്ററിൽ നിന്നെടുത്ത കേബിളിൽ നിന്നാണ് ശാഖയ്ക്ക് ഷോക്കേറ്റത്. സംഭവത്തിൽ ദുരൂഹത സംശയിച്ചാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ തമ്മിൽ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 51 വയസുള്ള ശാഖാ കുമാരിയെ 26 വയസുള്ള അരുൺകുമാർ രണ്ടു മാസം മുമ്പാണ് വിവാഹം കഴിച്ചത്.

സാമ്പത്തികമായി ശാഖ ഏറെ മുന്നിലായിരുന്നു. സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നെന്ന് അരുൺ സമ്മതിച്ചിട്ടുണ്ട്. ശാഖാ കുമാരിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.