കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍

Jaihind Webdesk
Wednesday, June 5, 2024

 

കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാസറഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ മുഖ്യ പ്രതി അടക്കം രണ്ട് പേർ പിടിയിലായി. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ. രതീശൻ, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് പ്രതികള്‍ പിടിയിലായത്.

നേരത്തെ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.  രതീശന്‍ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം നേരത്തെ അറസ്റ്റിലായ അനില്‍കുമാര്‍, ഗഫൂര‍്, ബഷീര്‍ എന്നിവരുടെ സഹായത്തോടെ പണയം വച്ചിരുന്നു. ഇതില്‍ 185 പവന്‍ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്. ഒളിവിലുള്ള മുഖ്യപ്രതി പലപ്പോഴായി വാട്സ്ആപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം 13 നായിരുന്നു സംഭവത്തില്‍ പോലീസ് കേസെടുത്തത്. ബാങ്ക് സെക്രട്ടറി കര്‍മ്മംതൊടി സ്വദേശി കെ. രതീശന്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ് ജില്ലാ ക്രൈം ബ്രാ‍ഞ്ചാണ് അന്വേഷിക്കുന്നത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യപ്രതി രതീശനെ പിടികൂടാനായിരുന്നില്ല.