കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റില്‍

Jaihind Webdesk
Thursday, May 16, 2024

 

കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ കെ. രതീശന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.  കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ , ഏഴാംമൈൽ സ്വദേശി ഗഫൂർ ബേക്കൽ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയിൽ നിന്ന് രതീശൻ കടത്തിക്കൊണ്ട് പോയ സ്വർണ്ണം പണയം വച്ചത് ഇവരാണെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

സൊസൈറ്റി സെക്രട്ടറി രതീശൻ നടത്തിയ ബാങ്ക് ഇടപാട് പോലീസ് പരിശോധിച്ചിരുന്നു. ഇവർക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്‍റെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ
തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും, മാനന്തവാടിയിൽ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് .