പ്രധാനമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മറന്ന് സംസാരിക്കുന്നു; അതിര്‍ത്തി പ്രശ്നത്തില്‍ യാഥാർത്ഥ്യം വെളിപ്പെടുത്തണമെന്ന് കപിൽ സിബൽ

Jaihind News Bureau
Saturday, June 27, 2020

 

ഇന്ത്യ ചൈന അതിർത്തിയിലെ നിർണായക പ്രദേശങ്ങൾ ചൈന കൈയ്യടക്കിയെന്ന് കോണ്‍ഗ്രസ് വക്താവ് കപിൽ സിബൽ. ചൈനീസ് സൈന്യം അതിർത്തിയിൽ നിന്നും പിന്മാറി എന്നത് തെറ്റായ പ്രചാരണമാണ്. കാവൽക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ഇരിക്കുന്ന കസേരയുടെ പ്രാധാന്യം മറക്കുന്നുവെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.

ഇന്ത്യൻ പ്രദേശത്ത് ആരും കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു. എന്നാൽ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രാലയവും കടന്നുകയറ്റം സ്ഥിരീകരിച്ചു. എന്നിട്ടും എന്തു കൊണ്ടാണ്  ഇന്ത്യൻ അതിർത്തിയിൽ ആരും കടന്നു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും കപിൽ സിബൽ ചോദിച്ചു.

അതിർത്തിയിലെ നിർണായക പോയിന്‍റുകളില്‍ രാജ്യത്തിന് നിയന്ത്രണം നഷ്ടമായി. കൂടുതൽ തന്ത്ര പ്രധാനമായ പ്രദേശങ്ങൾ ചൈന കൈയ്യടക്കി. ചൈനീസ് സേന അതിർത്തിയിൽ നിന്ന് പിന്മാറി എന്നത് വെറും പ്രചാരണം മാത്രമാണെന്നും  കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. എല്ലാവരും രാജ്യത്തിനും സൈന്യത്തിനും ഒപ്പം നിൽക്കുന്ന അവസരത്തിൽ രാജ്യത്തോട് യാഥാർത്ഥ്യം വിളിച്ചു പറയാൻ പ്രധാനമന്ത്രി തയാറാകണമെന്നും  കപിൽ സിബൽ പറഞ്ഞു.