‘മലപ്പുറത്തോട് അവഗണന; പത്ത് വര്‍ഷമായി ഒരു എയ്ഡഡ് സ്‌കൂള്‍ പോലും നല്‍കിയില്ല’; പിണറായി സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം

Jaihind News Bureau
Thursday, January 8, 2026

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മലപ്പുറം ജില്ലയോടുള്ള അവണനക്കെതിരെ കാന്തപുരം വിഭാഗം. 10 വര്‍ഷത്തിനിടെ എയ്ഡഡ് മേഖലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനംപോലും അനുവദിച്ചിട്ടില്ലെന്ന് എ പി വിഭാഗം നേതാവ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ കുറ്റപ്പെടുത്തി. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ചെവികൊണ്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ പി വിഭാഗം ആരെ പിന്തുണക്കണമെന്നകാര്യം പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയെ പ്രത്യക്ഷമായും പരോക്ഷമായും കാലങ്ങളായി പിന്തുണക്കുന്ന കാന്തപുരം എപി വിഭാഗം പക്ഷെ കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി സര്‍ക്കാരുകളില്‍ നിന്നും അര്‍ഹമായതൊന്നും ലഭിക്കാത്തതില്‍ അസംതൃപ്തരാണ്. എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കണമെന്ന ആവശ്യം 10 വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ എപി വിഭാഗം ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് അവസാനമായി എല്ലാവിഭാഗക്കാര്‍ക്കും സ്‌കൂളുകള്‍ അനുവദിച്ചതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

മലപ്പുറം ജില്ലാ വിഭജനത്തെ മതപരമായ കണ്ണിലൂടെ കാണരുതെന്നും, ഇതൊരു ജനകീയ ആവശ്യമായി സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് കാന്തപുരം വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തിലും എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും അനുകൂല സമീപനമല്ല ലഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസനവും 10വര്‍ഷത്തിനിടെ ഉണ്ടായില്ല. തങ്ങളുടേത് മത സഘടനയാണെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നത് അപ്പെക്‌സ് ബോഡി പിന്നീട് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.