ചെന്നൈ : തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നിർണായക നീക്കം. വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി ഐപിഎസ് ഉദ്യോഗസ്ഥന്‍ പി കന്തസ്വാമിയെ നിയമിച്ചു. ഡിജിപി റാങ്കോടു കൂടിയാണ് കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്. 2010-ല്‍ സൊറാബുദ്ദീന്‍ ഷേഖ് ഏറ്റുമുട്ടല്‍ കേസിലെ കുറ്റാരോപണത്തില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്ത സിബിഐ അന്വേഷണ സംഘത്തിന്‍റെ തലവനായിരുന്നു കന്തസ്വാമി.
തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായ കന്തസ്വാമി സിബിഐയില്‍ ഐജി ആയിരുന്നപ്പോഴാണ് തന്‍റെ ഡെപ്യൂട്ടി ആയിരുന്ന ഡിഐജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസില്‍ അമിത് ഷായെ കോടതി പിന്നീട് കുറ്റമുക്തനാക്കി. 2007-ല്‍ ഗോവയില്‍ വെച്ച് ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസ് അന്വേഷിച്ച കന്തസ്വാമി, മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ്.എന്‍.സി ലാവലിന്‍ കേസും അന്വേഷിച്ചിട്ടുണ്ട്. ലാവലിനിലെ നിർണായക രേഖ കണ്ടെത്തിയത് കന്തസാമിയുടെ നേതൃത്വത്തിലായിരുന്നു.
കഴിഞ്ഞ തമിഴ്നാട് സര്‍ക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് സൂചന. അധികാരം ലഭിച്ചാല്‍ എടപ്പാടി പളനിസാമിയുടെ ഭരണകാലത്തെ അഴിമതിക്കാരായ മന്ത്രിമാരെ വെറുതെ വിടില്ലെന്ന് നേരത്തെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉള്‍പ്പെടെയുള്ളവർക്കെതിരെ ഡിഎംകെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവർക്കെതിരെ വിജിലന്‍സിനും ഗവര്‍ണര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സിന്‍റെ അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി കന്തസാമിയെ നിയമിച്ചുകൊണ്ടുള്ള സ്റ്റാലിന്‍റെ നീക്കം ശ്രദ്ധേയമാകുന്നത്.