
പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച് ഭീഷണി. കണ്ണപുരം ‘മരുതം’ എന്ന വീടിന്റെ ഗേറ്റിനോട് ചേർന്ന് ഇന്ന് രാവിലെയാണ് റീത്ത് കണ്ടെത്തിയത്. പ്രശസ്ത ചിന്തകൻ പ്രൊഫ. എം.എൻ. വിജയന്റെ മകനാണ് വി.എസ്. അനിൽകുമാർ. സംഭവത്തിൽ അനിൽകുമാർ കണ്ണപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ ഒരു പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട വിദ്വേഷമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് അനിൽകുമാർ ആയിരുന്നു. ആ ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ പ്രസംഗത്തിന് പിന്നാലെയാണ് ഇത്തരമൊരു ഭീഷണി ഉണ്ടായതെന്നത് ഗൗരവകരമാണ്.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ മറ്റ് വ്യക്തിപരമായ ശത്രുതകളോ തർക്കങ്ങളോ അനിൽകുമാറിന് ആരുമായും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. സി.പി.എമ്മിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടി പ്രവർത്തകരായിരിക്കാം ഈ കൃത്യത്തിന് പിന്നിലെന്ന സംശയം ശക്തമാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.