
തൃശൂര്‍: വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ കലോത്സവ കിരീടം കണ്ണൂര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ സ്വര്‍ണ്ണക്കപ്പ്, നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ അവരുടെ സ്വന്തം മണ്ണില്‍ അഞ്ചു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കണ്ണൂര്‍ തിരിച്ചുപിടിച്ചത്. തുടക്കം മുതല്‍ പുലര്‍ത്തിയ ആധിപത്യം അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച കണ്ണൂര്‍ 1023 പോയിന്റുകള്‍ നേടിയാണ് ജേതാക്കളായത്.
അവസാനം വരെ പൊരുതിയ തൃശൂര്‍ 1018 പോയിന്റുകളുമായി റണ്ണറപ്പുകളായി. 1013 പോയിന്റുകള്‍ നേടിയ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളുടെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏറ്റവും മികച്ച സ്‌കൂളായി മാറി. കണ്ണൂരിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ മധുരപ്രതികാരം കലോത്സവ ചരിത്രത്തിലെ തന്നെ ആവേശകരമായ ഒന്നായി മാറി.
തൃശൂരില്‍ അരങ്ങേറിയ ഈ കലാമാമാങ്കത്തിന് ഇന്ന് വൈകിട്ടോടെ സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തുന്നതോടെ സമാപന ചടങ്ങ് കൂടുതല്‍ വര്‍ണ്ണാഭമാകും. വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് ചടങ്ങില്‍ വെച്ച് കൈമാറും.