സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം

Jaihind News Bureau
Sunday, January 18, 2026

തൃശൂര്‍: അഞ്ചുനാള്‍ നീണ്ടുനിന്ന കേരളത്തിന്റെ കൗമാര കലാമാമാങ്കത്തിന് തൃശൂരില്‍ ആവേശകരമായ സമാപനം. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ തൃശൂരിനെ വീഴ്ത്തി കണ്ണൂര്‍ സ്വര്‍ണ്ണക്കപ്പ് തിരിച്ചുപിടിച്ചു. അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവില്‍ 1023 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ അവരുടെ സ്വന്തം തട്ടകത്തില്‍ അഞ്ചു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കണ്ണൂരിന്റെ ചരിത്ര വിജയം. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കിരീടം ഇത്തവണ നിശ്ചയദാര്‍ഢ്യത്തോടെ കണ്ണൂര്‍ തിരിച്ചുപിടിക്കുകയായിരുന്നു. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ പത്മശ്രീ മോഹന്‍ലാല്‍ വിജയികള്‍ക്ക് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

തൃശൂരിന്റെ തട്ടകത്തില്‍ വെച്ച് അവരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാനായത് കണ്ണൂരിന്റെ വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു. 1018 പോയിന്റുകളുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്തും, 1013 പോയിന്റുകള്‍ നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂള്‍ തലത്തിലുള്ള മത്സരത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീണ്ടും തങ്ങളുടെ കരുത്ത് തെളിയിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി സ്‌കൂള്‍ വിഭാഗത്തില്‍ ഗുരുകുലം ഒന്നാമതെത്തി.

കണ്ണൂരിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയം കലോത്സവ ചരിത്രത്തിലെ തന്നെ ആവേശകരമായ ഒന്നായി മാറി. കൗമാര പ്രതിഭകളുടെ ഈ മഹാമേളയ്ക്ക് തൃശൂരില്‍ കൊടിയിറങ്ങുമ്പോള്‍ സ്വര്‍ണ്ണക്കപ്പുമായി ഇനി മലബാറിന്റെ പെരുമയുമായി കണ്ണൂര്‍ മടങ്ങുന്നു.