കണ്ണൂർ വിസി പുറത്ത്; സർക്കാരിന് കനത്ത തിരിച്ചടി

Jaihind Webdesk
Thursday, November 30, 2023

 

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പുനർനിയമനം ചോദ്യംചെയ്തുള്ള ഹരജികളിലാണ് സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായുള്ള കോടതി ഉത്തരവ്. വിസി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

വി.സിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വി.സിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്. ഒക്ടോബര്‍ 17- ന് ഹര്‍ജിയിന്മേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരായി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ കൊടുത്തിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് വിസി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചെങ്കിലും മന്ത്രി ആർ. ബിന്ദുവിന്‍റെ കത്ത് പുറത്തായതോടെ വാദം പൊളിഞ്ഞു. ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്.