കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രതിനിധിയെത്തിയത്. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ചു. സര്‍ക്കാരില്‍ നിന്ന് ഉപദേശം തേടുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. പക്ഷെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല. ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിലും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ല എന്ന ചില വാര്‍ത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനില്‍ എത്തി വിശദീകരിക്കട്ടെ. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.