കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്; 30 കോടിയുടെ തട്ടിപ്പ്; 340 പരാതികള്‍

Jaihind Webdesk
Friday, January 13, 2023

കണ്ണൂര്‍:  അർബൻ നിധി തട്ടിപ്പിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഇതുവരെ 340 പരാതികളാണ് അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയത്. ഇതുവരെ കിട്ടിയ 340 പരാതികൾ പ്രകാരം 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.

കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനം വഴിയും സഹസ്ഥാപനമായ എനി ടൈം മണി വഴിയുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്നലെ 32 പരാതികൾ കൂടി കണ്ണൂർ ടൗൺ പൊലീസിന് കിട്ടി. 12  % പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന് ഇരകളായി.

59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5300 രൂപ മുതൽ, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നും പൊലീസ് പറയുന്നു. ഓഫിസിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത കമ്പ്യൂട്ടറുകളുടെയും, രേഖകളുടെയും പരിശോധന തുടരുകയാണ്.