കാസര്‍കോട് പാലക്കുന്ന് കോളജില്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പി. അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു.ബേക്കല്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പി. അജീഷിനെതിരെ ബേക്കല്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഇമെയില്‍ വഴി അയച്ച പരീക്ഷാ പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷക്ക് മുന്‍പ് പരസ്യപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചത്.
കണ്ണൂര്‍ സര്‍വകലാശാലയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന തരത്തില്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് ബേക്കല്‍ പോലീസിന്റെ എഫ്. ഐ. ആറില്‍ പറയുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല രജിസ് ട്രാറുടെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷാ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കഴിഞ്ഞമാസം 18 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളേജില്‍ നിന്നാണ് ചോര്‍ന്നതെന്ന് സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പലിന് ഇമെയില്‍ വഴി അയച്ച ചോദ്യപേപ്പര്‍ വാട്‌സാപ്പിലൂടെ ചോര്‍ത്തിയെന്ന് ആരോപിച്ച് സര്‍വ്വകലാശാല പൊലീസിന് പരാതി നല്‍കിയിരുന്നു.