കണ്ണൂർ സർവകലാശാല വിവാദം ; സിലബസിൽ നിന്ന് ആർഎസ്എസ് ലേഖനങ്ങൾ ഭാഗികമായി നീക്കും

Jaihind Webdesk
Thursday, September 30, 2021

 

കണ്ണൂർ സർവകലാശാലയിലെ വിവാദ പിജി സിലബസിൽ നിന്ന് ആർഎസ്എസ് ലേഖനങ്ങൾ ഭാഗികമായി നീക്കും. ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ പൂർണ്ണമായി ഒഴിവാക്കണം. പകരം ഗാന്ധിയൻ, ഇസ്‌ലാമിക് സോഷ്യലിസ്റ്റ് രചനകൾ ഉൾപ്പെടുത്താനും തീരുമാനമായി.

വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകളെ സിലബസിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണ്ടതില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. സവർക്കരെയും ഗോൾവാൾക്കറെയും വിമർശനാത്മകമായി പഠിക്കാം. രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് എന്ന യൂണിറ്റ് രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട്, ക്രിട്ടിക്ക് എന്ന് പുനർനാമകരണം ചെയ്യണമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ദീൻ ദയാൽ ഉപാധ്യായ ബൽരാജ് മധോക്ക് എന്നിവരുടെ രചനകൾ സിലബസിൽ നിന്നും പൂർണ്ണമായി ഒഴിവാക്കും. പകരം ഇസ്‌ലാമിക്, ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി സിലബസിൽ ഉൾപ്പെടുത്തണം.

ഗാന്ധിയൻ രചനകൾക്ക് സിലബസിൽ കൂടുതൽ പ്രാധാന്യം നൽകണം എന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശവും അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ വലിയ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നതിന് എതിരെ കെ സ് യു ഉൾപ്പടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് സിലബസ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിയെ വിസി ചുമതലപ്പെടുത്തിയത്. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിലബസിലെ മാറ്റം.