കണ്ണൂരില്‍ യു.ഡി.എഫ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; പിന്നില്‍ സി.പി.എം എന്ന് ആരോപണം

Jaihind News Bureau
Tuesday, November 25, 2025

 

കണ്ണൂര്‍: കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 30, 20 ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകളാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. ബോര്‍ഡുകള്‍ കീറി നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പാര്‍ത്ഥന്‍ ചങ്ങാട് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസ്സമുണ്ടാക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് യു.ഡി.എഫ് നേതൃത്വം പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.