കണ്ണൂർ പോളിടെക്നിക് എസ്എഫ്ഐ ക്രിമിനലുകളുടെ താവളം; വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു

കണ്ണൂർ ഗവണ്‍മെന്‍റ് പോളിടെക്നിക്കിലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്‌ പി മുഹമ്മദ്‌ ഷമ്മാസ് ആവശ്യപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റി ചികിത്സ തേടിയതുൾപ്പടെ തലേദിവസം രാത്രി ക്യാമ്പസിലുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

എസ്എഫ്ഐയുടെ ഏകാധിപത്യ ക്യാമ്പസായ പോളിടെക്നിക് ക്രിമിനൽ സംഘത്തിന്‍റെ കേന്ദ്രമായി മാറ്റി. ക്യാമ്പസുകളെ ക്രിമിനലുകളുടെ കൂടാരമാക്കാനാണ് എസ്എഫ്ഐയുടെ ശ്രമമെന്നും മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി. ഹോസ്റ്റലുകൾ ഉൾപ്പെടെ പുറത്തുനിന്നുള്ള പാർട്ടി ക്രിമിനലുകൾ കയ്യടക്കിവെച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതി ഗൗരവത്തോടെ കാണാൻ പോലീസ് തയാറാവണമെന്നും കലാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷം നിലനിർത്താൻ അധികൃതർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പി മുഹമ്മദ്‌ ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

Comments (0)
Add Comment