ജനങ്ങളോട് കരുണകാട്ടണമെന്ന് പാര്‍ട്ടി; വിമര്‍ശനം ഉന്നയിച്ച സ്ത്രീയെ ശകാരിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Saturday, August 24, 2019

മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ എത്തി വിമർശനങ്ങൾ നടത്തിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് കയറി ചെന്നതിന് ശേഷം ചിരിച്ചു കൊണ്ട് സംസാരിച്ച സ്ത്രീയോട് ആദ്യം സൗമ്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ മുഖമന്ത്രി പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. മന്ത്രി ഇ.പി ജയരാജനും മറ്റുള്ളവരും സ്ത്രീയെ ശാന്തയാക്കി തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും അവർ വേദിയിൽ നിന്നും ഇറങ്ങാതെ വന്നതോടെ മുഖ്യമന്ത്രി സദസ്സിൽ പോയി ഇരിക്കാൻ ആക്രോശിക്കുകയായിരുന്നു.

പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനം നടത്തിയവർക്കുള്ള ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ഈ സ്ത്രീ വേദിയിൽ കയറി ചെല്ലുകയും കൈ നൽകി സംസാരിക്കുകയും ചെയ്തു.. തുടക്കത്തിൽ സ്ത്രീയോട് സൗമ്യമായി സംസാരിച്ച മുഖ്യമന്ത്രി സ്ത്രീ ശബ്ദം ഉയർത്തി നേതാക്കളെ വിമർശിക്കാൻ തുടങ്ങിയപ്പോഴും മൗനം പാലിച്ചു.. ഉള്ളിലുള്ള അമർഷം ഒതുക്കി വെക്കാൻ ശീലിച്ചിട്ടില്ലാത്ത പിണറായി പെട്ടെന്ന് പൊട്ടിതെറിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയെ മാറ്റുകയായിരു ന്നു.  വേദിയിൽ നിന്ന് താഴെ ഇറങ്ങിയ സ്ത്രീ വീണ്ടും ബഹളം വെച്ചു. പരിപാടി അവസാനിക്കുന്നത് വരെ വേദിക്ക് അരികിൽ തുടർന്നു. മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ കനത്ത സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.