കണ്ണൂര്‍ വിമാനത്താവളം: യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വന്തം പദ്ധതി

Jaihind Webdesk
Saturday, December 8, 2018

കണ്ണൂര്‍: ‘അതിവേഗം ബഹുദൂരം’ ഈ കേരള സംസ്ഥാനത്തെ മുന്നോട്ടു നയിച്ച ഒരു സര്‍ക്കാരിന്റെ സ്വന്തമെന്ന് തലയുയര്‍ത്തിപ്പറയാന്‍ സാധിക്കുന്ന പദ്ധതി- അതാണ് നാളെ ഔപചാരികമായ ഉദ്ഘാടനം നടക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. അവസാനത്തെ മിനുക്കുപണികള്‍ക്കപ്പുറം എടുത്തു പറയാന്‍ യാതൊന്നുമില്ലാതെ ഈ വിമാനത്താവളത്തിന്റെ മുഴുവന്‍ അവകാശവാദവും ഏറ്റെടുക്കാന്‍ മല്‍സരിക്കുന്നവര്‍ക്കു മുന്നില്‍ നിഷേധിക്കാനാവാത്ത തെളിവായി ഈ വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളുണ്ട്.
സ്ഥലമേറ്റെടുപ്പ് തൊട്ട് പൂര്‍ത്തീകരണം വരെ, പരീക്ഷണാടിസ്ഥാനത്തില്‍ വിമാനമിറക്കിയിടത്തു വരെയെത്തിയ യു ഡി എഫ് സര്‍ക്കാരുകളുടെ ഈ സ്വപ്നപദ്ധതിക്ക് ഏറ്റവുമധികം ശ്രമിച്ചതും പ്രവര്‍ത്തിച്ചതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നത് പകല്‍ പോലെ വ്യക്തം.

വിമാനത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനമിറക്കിയതിന്റെ ഉദ്ഘാടനം ഉല്‍സവാന്തരീക്ഷത്തില്‍ നടന്നപ്പോള്‍ പ്രതിഷേധവുമായി സി പി എം രംഗത്തു വന്നിരുന്നു. അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ചിന്തയിലെഴുതിയ ലേഖനത്തിലെ വരികള്‍ ഇതാണ്.

‘കണ്ണൂര്‍ വിമാനത്താവളത്തിന് 4000 മീറ്റര്‍ റണ്‍വേ ആണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ അത് 3050 മീറ്ററായി കുറച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് അത് 3400 മീറ്ററായി വര്‍ധിപ്പിച്ചെങ്കിലും റണ്‍വേയുടെ നീളക്കുറവ് വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ വരാന്‍ കഴിയുന്ന തരത്തില്‍ ഈ വിമാനത്താവളം വളരുന്നതിന് തടസമാകും. മന്ത്രി ബാബു വ്യക്തമായി പറഞ്ഞത് റണ്‍വേയുടെ നീളം 3400 മീറ്ററില്‍ നിന്നും വര്‍ധിപ്പിക്കാന്‍ കഴിയില്ല എന്നാണ്. ഉമ്മന്‍ ചാണ്ടി ബജറ്റില്‍ പ്രഖ്യാപിച്ചത് 4000 മീറ്റര്‍ റണ്‍വേ ഉണ്ടാകും എന്നാണ്. കബളിപ്പിക്കല്‍ മത്സരമാണ് നടത്തുന്നത്…’ ഇങ്ങനെ പോകുന്നു പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍.

ഇപ്പോള്‍ വലിയ വിമാനങ്ങളിറങ്ങാന്‍ പോകുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ അതേ 3050 മീറ്റര്‍ റണ്‍വേയിലാണ്. യാതൊരു തടസവുമില്ല. ഇപ്പോള്‍ അധികാരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് റണ്‍വേ ഒരിഞ്ചു പോലും കൂട്ടിയിട്ടുമില്ല. സ്ഥലമെടുപ്പും നടത്തിയിട്ടില്ല. സി പി എം അന്നുന്നയിച്ച തടസവാദങ്ങള്‍ എന്തുമാത്രം പൊള്ളയെന്ന് ഇപ്പോള്‍ അവര്‍ തന്നെ തെളിയിക്കുന്നു.

1996 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ അന്ന് കേന്ദ്രത്തില്‍ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. അന്ന് നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപം കൊണ്ടതല്ലാതെ ഇതിനായുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ ഒട്ടും പുരോഗമിച്ചില്ല. 2005 വരെ നടപടികള്‍ മന്ദീഭവിച്ചു കിടന്നിടത്ത് 2005 ഏപ്രില്‍ 29-ന് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്വത്തില്‍ അംഗീകാരം നല്‍കിയപ്പോള്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് 192 ഏക്കര്‍ ഭൂമി ആദ്യമായി വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്തത്.

2010 ല്‍ വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടതില്‍ ഒതുങ്ങിയ വിമാനത്താവള നിര്‍മ്മാണം സജീവമായതും യാഥാര്‍ത്ഥ്യത്തിലെത്തിയതും പിന്നീടു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. 2012 ഡിസംബര്‍ 6ന് കിയാല്‍ പ്രൊജക്ട് ഓഫിസ് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മന്ത്രി കെ ബാബുവിന്റേയും നേതൃത്വത്തിലായിരുന്നു ഘട്ടംഘട്ടമായി ഓരോ കാര്യവും നടന്നത്.
എയര്‍പോര്‍ട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാന്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി രൂപീകരിച്ചതും 2013 ജുലൈയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചതുമൊക്കെ ഇക്കാലത്തായിരുന്നു.
2014 ഫെബ്രുവരി 2ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്.

ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ടെക്നിക്കല്‍ ബില്‍ഡിങ്, തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 498 കോടി രൂപയ്ക്ക് ലാര്‍സണ്‍ ആന്റ് ടൂബ്രോ കമ്പനിയുമായി കരാറുണ്ടാക്കിയതു മുതല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തിയതു വരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷ കാലയളവാണ് വടക്കേ മലബാറിന്റെ വികസന കുതിപ്പിന് വഴിവെച്ച ഈ പദ്ധതിയില്‍ നിര്‍ണായകമായത്.

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനമാകുമ്പോഴും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച റോഡ് വികസന പദ്ധതികള്‍ ഇപ്പോഴും അതേ പടി കിടക്കുകയാണ്. രണ്ടര വര്‍ഷമായിട്ടും വിമാനത്താവളത്തിലേക്കുള്ള അനുബന്ധറോഡ് വികസനകാര്യത്തില്‍ പിണറായി സര്‍ക്കാരിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അനുബന്ധ റോഡ് നാലു വരികളായി നവീകരിക്കുമെന്ന പ്രഖ്യാപനമേ മറന്ന മട്ടാണ്.  നിലവിലുള്ള റോഡുകള്‍ രണ്ട് വരികളായി നവീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. നാലു വരിപ്പാത അടുത്തൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.