സിപിഎമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയം; വിമർശനവുമായി സിപിഐ കണ്ണൂർ ജില്ലാ സമ്മേളനം

Jaihind Webdesk
Friday, September 2, 2022

കണ്ണൂർ: സിപിഎമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയമെന്ന് സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയെ എംഎം മണി അധിക്ഷേപിച്ചപ്പോൾ കാനം പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ പാർട്ടിയുടെ നിലപാട് പരസ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ക്യാമ്പസുകളിൽ എസ്എഫ്ഐ രാഷ്ട്രീയ എതിരാളികളെ പോലെയാണ് പെരുമാറുന്നത്. സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രം വെക്കുമ്പോൾ ഇവിടെ മുന്നണി ഭരണമാണെന്ന് സിപിഎം മറന്ന് പോകുന്നു. എന്നാൽ എന്തിനും ഏതിനും സിപിഎമ്മിനെ വിമർശിക്കേണ്ടതില്ലന്ന് ചർച്ചക്ക് മറുപടിയായായി മുൻ എംഎൽഎ സത്യൻ മൊകേരി മറുപടി പറഞ്ഞു. കാനത്തിന്‍റെ നിലപാടുകൾക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം ഇന്ന് സമാപിക്കും.