കുഞ്ഞനന്തന്‍റെ ഫോട്ടോ പൊലീസുകാർ സ്റ്റാറ്റസാക്കിയ സംഭവം; കണ്ണൂർ എസ്.പിക്ക് സതീശന്‍ പാച്ചേനി പരാതി നല്‍കി

Jaihind News Bureau
Saturday, June 13, 2020

 

പി.കെ കുഞ്ഞനന്‍റെ ഫോട്ടോ സ്റ്റാറ്റസ് ആക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി.  സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ചില പൊലീസ് ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും സതീശൻ പാച്ചേനി കണ്ണൂർ എസ്.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെ മരിച്ച പി.കെ കുഞ്ഞനന്തന്‍റെ ഫോട്ടോ പൊലീസ് ഉദ്യോഗസ്ഥർ വാട്‌ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയത് വിവാദമായിരുന്നു. കണ്ണൂർ ഡി.വൈ.എസ്.പിയുടെ ഗൺമാൻ ഉൾപ്പടെയുളള ഇടതുപക്ഷ അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥരാണ് കുഞ്ഞനന്തന്‍റെ ഫോട്ടൊ സ്റ്റാറ്റസ് ആക്കുകയും ഫേസ്ബുക്കിൽ അനുശോചന കുറിപ്പ് ഇടുകയും ചെയ്തത്.

കുഞ്ഞനന്തന്‍റെ മരണവാർത്ത പുറത്തുവന്നതോടെയാണ് കണ്ണൂരിലെ സി.പി.എം അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ പി.കെ കുഞ്ഞനന്തന്‍റെ ഫോട്ടൊ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി ആദരാഞ്ജലി കുറിപ്പ് എഴുതുകയും ഫേസ്ബുക്കിൽ അനുശോചന കുറിപ്പ് ഇടുകയും ചെയ്തത്. ‘ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിരോധത്തിന്‍റെ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽസലാം’ എന്നാണ് റനീഷ് ഒ.പി കാഞ്ഞിരങ്ങാടിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസ് അസോസിയേഷൻ സെക്രട്ടറിയാണ് റനീഷ്.

കണ്ണൂർ ഡിവൈ.എസ്.പിയുടെ ഗൺമാനായ റമീസും കുഞ്ഞനന്തന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റിട്ടു. സി.പി.ഒമാരായ അഖിൽ മേലെക്കണ്ടി, സിഗിൻ, നിഖിൽ സാരംഗ്, ഉണ്ണി എന്ന് വിളിക്കുന്ന രജീഷ്, പ്രജീഷ് റാം എന്നിവരും ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കൊലക്കേസ് പ്രതിക്ക് ആദരാഞ്ജലി അർപ്പിച്ച് വാട്ട്സ് ആപ്പിൽ ഒരേ ഫോട്ടോ സ്റ്റാറ്റസ് ആയി ഇട്ടത്. പൊലീസ് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ പൊലീസ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്.