കണ്ണൂരില്‍ സ്‌കൂളിന്റെ മതിലില്‍ സിപിഎമ്മിന്റെ ചിഹ്നങ്ങളും ചിത്രങ്ങളും; പരാതിയുമായി കെ.എസ്.യു


കണ്ണൂരില്‍ സ്‌കൂളിന്റെ മതിലില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും നേതാവിന്റെ ചിത്രവും വരച്ചതിനെതിരെ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി കെഎസ്‌യു. കണ്ണൂര്‍ ചാല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതിലിലാണ് ചിത്രങ്ങള്‍ വരച്ചത്. വിവാദമായതോടെ ചിത്രങ്ങള്‍ മായ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം തോന്നുന്നയാള്‍ പ്രസംഗിക്കുന്ന ചിത്രം, അരിവാള്‍ ചുറ്റികയും ചുരുട്ടിപ്പിടിച്ച മുഷ്ടിയും, രക്തസാക്ഷി സ്തൂപം, നക്ഷത്രവും 1939 എന്നെഴുതിയതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സ്‌കൂളിന്റെ പുറംമതിലില്‍ വരച്ചത്. പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷമാണ് 1939. സ്‌കൂള്‍ മതിലില്‍ പാര്‍ട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രവും ഉള്‍പ്പെടുത്തി സ്‌കൂളിന്റെ മറവില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സ്‌കൂളിലെ ആംഫി തിയറ്ററിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ചൊവ്വാഴ്ച സ്‌കൂളില്‍ എത്തുന്നുണ്ട്. ധര്‍മടം മണ്ഡലത്തില്‍ നടപ്പാക്കുന്ന ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയാണ് മതിലില്‍ ചിത്രം വരച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. മുഴപ്പിലങ്ങാട് ബീച്ചിന്റെയും കുട്ടികളുടെ ചിത്രവും ഇതോടൊപ്പം മതിലിലുണ്ട്.

Comments (0)
Add Comment