കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി; പി.കെ രാഗേഷിന് വീണ്ടും വിജയം

Jaihind News Bureau
Friday, June 12, 2020

 

കണ്ണൂർ:  കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി. പി. കെ രാഗേഷ് ഡെപ്യൂട്ടി മേയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 27 നെതിരെ 28 വോട്ടിനാണ് യു ഡി എഫിന്‍റെ വിജയം. സി പി എമ്മിന്‍റെ  ജനാധിപത്യവിരുദ്ധ നടപടികൾക്ക് ഏറ്റ കനത്ത തിരിച്ചടിയെന്നായിരുന്നു കെ.സുധാകരൻ എംപിയുടെ പ്രതികരണം.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് അംഗമായ സലീം രാഗേഷിനെ പിന്തുണയ്ക്കുകയായിരുന്നു. യു ഡി എഫിന്‍റെ വിജയമാണിതെന്ന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട പി കെ രാഗേഷ് പറഞ്ഞു. അവിശ്വാസ പ്രമേയത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 19 മുതൽ നഗരസഭാ ഉപാധ്യക്ഷ പദവി കണ്ണൂർ കോർപ്പറേഷനിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ യു ഡി എഫിലെ ധാരണ പ്രകാരം കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ മേയർ സ്ഥാനം ഒഴിഞ്ഞു. മുസ്ലിം ലീഗിലെ സി.സീനത്ത് മേയർ സ്ഥാനത്തേക്ക് മത്സരിക്കും.