വികസനത്തിനും ജനക്ഷേമത്തിനും മുന്‍തൂക്കം നല്‍കി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്; 273 കോടിയുടെ പദ്ധതികള്‍

Jaihind Webdesk
Wednesday, March 22, 2023

കണ്ണൂർ: വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ 2023-24 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷബീന അവതരിപ്പിച്ചു. 410 കോടി 82 ലക്ഷത്തി മുപ്പത്തി നാലായിരത്തി 290 രൂപ വരവും 273 കോടി 65 ലക്ഷത്തി മൂവായിരം രൂപ ചെലവും 137 കോടി 17 ലക്ഷത്തി മുപ്പത്തിഒന്നായിരത്തി 290 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

കണ്ണൂർ കോർപ്പറേഷന്‍റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്‍റെ അനുബന്ധ പ്രവൃത്തികള്‍ക്ക് 15 കോടി രൂപ നീക്കിവെച്ചു. സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി സ്മാരകത്തോട് ചേര്‍ന്ന് ഫ്രീഡം പാര്‍ക്കിന് 25 ലക്ഷം രൂപയും കണ്ണൂരിനെ യുനെസ്കോ (UNESCO) പൈതൃക നഗര പട്ടികയിലേക്ക് ഉയര്‍ത്തുന്നതിന് 5 ലക്ഷം രൂപയും ഗാര്‍ബേജ് ഫ്രീ സിറ്റിയായി മാറ്റുന്നതിന് 1 കോടി രൂപയും നീക്കിവെച്ചു.

സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റ് – 2.5 കോടി രൂപ, നഗരസൗന്ദര്യവത്കരണത്തിന് 3 കോടി രൂപ, മേയര്‍ ഭവന്‍ നിര്‍മ്മാണത്തിന് 1 കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഡിവിഷന്‍ കേന്ദ്രീകരിച്ച് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കാൻ 5 ലക്ഷം രൂപയും മുന്‍ മുഖ്യമന്ത്രിമാരായ ആര്‍ ശങ്കര്‍, കെ കരുണാകരന്‍ എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്  10 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു.

സ്റ്റേഡിയം നവീകരണത്തിനും ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിനും 5 ലക്ഷം രൂപ, ഹെല്‍ത്ത് സ്ക്വാഡിന് ഇലക്ട്രിക് സ്കൂട്ടറും വാക്കിടോക്കിയും വാങ്ങുന്നതിന് 10 ലക്ഷം രൂപ, ആരോഗ്യ മേഖലയ്ക്ക് 1 കോടി 51 ലക്ഷം, ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പിന് 5 ലക്ഷം, ആറ്റടപ്പ ഡയാലിസിസ് സെന്‍ററിന് 40 ലക്ഷം രൂപ,  മരക്കാര്‍കണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കുന്നതിന് 20 ലക്ഷം,
മഹാകവി ചെറുശേരിക്ക് സ്മാരകം നിർമ്മിക്കാൻ 10 ലക്ഷം രൂപ,  കണ്ണൂര്‍ ദസറയ്ക്ക് 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

സ്മാര്‍ട്ട് അംഗനവാടിക്ക് 1 കോടി 20 ലക്ഷം രൂപയും കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 70 കോടി രൂപയുടെ പദ്ധതിയും പുതിയ റോഡുകള്‍ക്കും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികള്‍ക്കും 30 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

ഭവന നിര്‍മ്മാണം, പുനരുദ്ധാരണം എന്നിവയ്ക്ക് 10 കോടി 18 ലക്ഷം രൂപ, സ്കൂളുകളില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് 27 ലക്ഷം, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ക്ക് 1 കോടി 32 ലക്ഷം രൂപ,  നെല്‍കൃഷി വികസനം, തെങ്ങ്-പച്ചക്കറി-ചെറുധാന്യം-ഇടവിളകൃഷി പ്രോത്സാഹനത്തിന് 1 കോടി 29 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു. ബജറ്റിലെ ഓരോ പ്രഖ്യാപനവും വൻ കൈയടിയോടെയാണ് യുഡിഎഫ് അംഗങ്ങൾ വരവേറ്റത്. പ്രതിപക്ഷമാകട്ടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ മുഴുവൻ സമയവും കേട്ടിരുന്നു.