കണ്ണൂര്‍ ബോംബ് സ്ഫോടനം; അക്രമികളുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

Jaihind Webdesk
Sunday, February 13, 2022

കണ്ണൂര്‍: അക്രമികളുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് പൊട്ടിയതിന് ശേഷം ഓടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരേപോലുള്ള വസ്ത്രം ധരിച്ച 13 പേർ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തോട്ടടയിലെ ബോംബ് സ്ഫോടനത്തിന് ശേഷം ബോംബ് എറിഞ്ഞവർ എന്ന് സംശയിക്കുന്നവർ ഓടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമീപത്തെ സിസി ടിവിയിലാണ് ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒരേ വസ്ത്രം ധരിച്ചവരാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ ഷർട്ടുകളിൽ ചോരപ്പാടുകളും ദൃശ്യങ്ങളിലുണ്ട്.

ഏച്ചൂരിൽ നിന്ന് വന്നവരാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികളും പറഞ്ഞിരുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ആസൂത്രിതമായാണ് അക്രമം നടത്തിയതെന്നാണ് സൂചന. ജിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്നവരാണ് ബോംബെറിഞ്ഞതെന്നും നാട്ടുകാർ സൂചന നൽകുന്നുണ്ട്. സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായ ജിഷ്ണുവിനൊപ്പം കല്യാണത്തിന് എത്തിയവരും സിപിഎം പ്രവർത്തകരാണ്.