കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടന ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് വീടിന്റെ അകത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. മൃതദേഹാവശിഷ്ടം വിവിധ ഭാഗങ്ങളില്‍ ഛിന്നിച്ചിതറിയ നിലയില്‍ ആയിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം അവിടെ നിന്ന് നീക്കി. ചാലാട് സ്വദേശി അനൂപ് മാലിക് എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തത്. അനൂപ് മാലികിന്റെ ബന്ധുവായ മുഹമ്മദ് ആഷാം ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല.അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണപുരം കീഴറ വാടക വീട്ടില്‍ സ്ഫോടനം നടന്നകേസില്‍ പ്രതിയായ അനൂപ് മാലിക് ഒളിവില്‍ .ഇയാള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെരച്ചില്‍ നടത്തിവരികയാണ്. നേരത്തെ സമാന കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016ലെ പൊടിക്കുണ്ട് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പറഞ്ഞു. കീഴറ ഗോവിന്ദനെന്ന മുന്‍ അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണെന്ന് പറഞ്ഞു സാധനങ്ങള്‍ സൂക്ഷിക്കാനുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാടക വീടെടുത്തത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കണ്ണപുരം കീഴറ യിലെ സ്‌ഫോടനം നടന്ന വീട്ടിലെത്തിയത്.സ്‌ഫോടനം നടന്ന വീട്ടില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.