
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദര്‍ശ്, ജിനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി. മജിഷയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു. കൃത്യം നടപ്പിലാക്കിയ മൂന്ന് പേരെ കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ കൂടിയാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.